അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണു
കൂട്ടിയിടിച്ചത് സൈനിക ഹെലികോപ്റ്റര്‍, വിമാനത്തിലെ 60 യാത്രക്കാരെയും ജീവനക്കാരെയും കണ്ടെത്താനായില്ല
വാഷിങ്ടണ്‍: അമേരിക്കയില്‍ വന്‍ വിമാന ദുരന്തം. യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്ന നദിയില്‍ വീണു. റൊണാള്‍ഡ് റീഗന്‍ വാഷിങ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്താണ് അപകടമുണ്ടായത്. 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂട്ടിയിച്ച ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററില്‍ മൂന്ന് യു.എസ് സൈനികരാണ് ഉണ്ടായിരുന്നത്. സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടതെന്ന് യു.എസ് ആര്‍മി സ്ഥിരീകരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
പൊട്ടോമാക് നദിയിലേക്കാണ് യാത്രാവിമാനം പതിച്ചത്. കന്‍സാസിലെ വിചിതയില്‍ നിന്ന് പുറപ്പെട്ട പി.എസ്.എ 5342 വിമാനമാണ് നദിയില്‍ തകര്‍ന്നുവീണത്. രാത്രിയിലാണ് അപകടമുണ്ടായത് എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.