ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളാല്‍ ധാക്കയിലെ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി സിയ റഹ്മാന്റെ ഭാര്യയാണ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്സണായിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. ആദ്യം 1991ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ സ്ഥാനത്ത് തുടര്‍ന്ന അവര്‍, വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂര്‍ത്തിയാക്കാനായില്ല. പിന്നീട് 2001-2006 കാലത്തും പ്രധാനമന്ത്രി പദത്തിലെത്തി. ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് 1981ല്‍ ഭരണനേതൃത്വത്തിലേക്ക് എത്തിയത്. ഈ കാലത്ത് ബംഗ്ലാദേശില്‍ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2018ല്‍ അഴിമതി കേസില്‍ തടവിലാക്കപ്പെട്ടു. പിന്നീട് ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി ശിക്ഷ മരവിപ്പിച്ചു. ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവെച്ചതോടെ 2024 ഓഗസ്റ്റിലാണ് ഇവര്‍ ജയില്‍ മോചിതയായത്.

