തീരം തൊട്ട് ഫെങ്കൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ കനത്ത മഴ; അതീവ ജാഗ്രതയിൽ തമിഴ്നാട്
ചെന്നൈ ; പുതുച്ചേരിയിൽ ഫെങ്കൽ ചുഴലിക്കാറ്റ് തീരം തൊട്ടതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ 80 മുതൽ 90 കിലോ മീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. തമിഴ്നാടിൻ്റെ വടക്കൻ ജില്ലകളായ മഹാബലിപ്പുരം,പുതുച്ചേരി,ചെങ്കൽപേട്ട്,തിരുവല്ലൂർ,കാഞ്ചിപുരം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നിലനിൽക്കുകയാണ്. ഇതിനിടെ ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ചെന്നൈ വിമാനത്താവളം അടച്ചു. 19 വിമാനങ്ങൾ റദ്ദാക്കി . നൂറോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.തമിഴ്നാട് തീരത്തിന് സമീപത്തായി ചുഴലിക്കാറ്റ് കര തൊടുന്നതായുള്ള ലക്ഷണങ്ങളാണ് നിലവിലുള്ളത്.
ചുഴലിക്കാറ്റിന് പിന്നാലെ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ 1 മുതൽ 4 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.