തിരുപ്പതി ക്ഷേത്രത്തിലെ തിരക്ക്
മരണസംഖ്യ ആറായി
ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം ആറായി. ആദ്യം നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. പിന്നീട് രണ്ടുപേര്‍ കൂടി മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ റൂയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടയാണ് തിക്കും തിരക്കമുണ്ടായത്. വിഷ്ണു നിവാസ് ഭാഗത്ത് ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. സേലം സ്വദേശിനി മല്ലികയാണ് മരിച്ചവരില്‍ ഒരാള്‍. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഉന്തി തള്ളി കയറുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് അപകടം സംഭവിച്ചത്. തിരക്കില്‍പ്പെട്ട് ആളുകള്‍ പരിഭ്രാന്തരായി സ്ഥലത്ത് നിന്ന് ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കൂപ്പണ്‍ വിതരണ കൗണ്ടര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്നാളുകള്‍ തള്ളി കയറിയതാണ് അപകടകാരണമായത്. ജനുവരി പത്തിന് തിരുപ്പതിയില്‍ നടക്കുന്ന വൈകുണ്ഠ ഏകാദശിയുടെ ഭാഗമായി വൈകുണ്ഠ ദ്വാര ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനായി 90 കൗണ്ടറുകളാണ് തുറന്നിരുന്നത്. സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനമുണ്ടായിരുന്നില്ല. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ടു. പരിക്ക് പറ്റിയവര്‍ക്ക് ഉടന്‍ ചികിത്സ ഉറപ്പാക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കി.