മ്യാന്മര്‍ സൈനിക അട്ടിമറി; ഓങ് സാങ് സൂചി പട്ടാള കസ്റ്റഡിയില്‍

യാംഗോന്‍: മ്യാന്മറില്‍ സൈനിക അട്ടിമറിയെ തുടര്‍ന്ന് തടങ്കലിലാക്കിയ മ്യാന്മര്‍ നേതാവ് ഓങ് സാങ് സൂചിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയില്‍ വെക്കാനാണ് പട്ടാള നേതൃത്വത്തിന്റെ തീരുമാനം. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വക്താവ് കെയ് ടോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ദുരന്ത നിവാരണ നിയമപ്രകാരം പ്രസിഡന്റ് വിന്നിനെയും കസ്റ്റഡിയില്‍ വിട്ടിട്ടുണ്ടെന്ന് കെയ് ടോ കൂട്ടിച്ചേര്‍ത്തു. ഇവരെ കൂടാതെ നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും തടവിലാക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറി […]

യാംഗോന്‍: മ്യാന്മറില്‍ സൈനിക അട്ടിമറിയെ തുടര്‍ന്ന് തടങ്കലിലാക്കിയ മ്യാന്മര്‍ നേതാവ് ഓങ് സാങ് സൂചിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയില്‍ വെക്കാനാണ് പട്ടാള നേതൃത്വത്തിന്റെ തീരുമാനം. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വക്താവ് കെയ് ടോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ദുരന്ത നിവാരണ നിയമപ്രകാരം പ്രസിഡന്റ് വിന്നിനെയും കസ്റ്റഡിയില്‍ വിട്ടിട്ടുണ്ടെന്ന് കെയ് ടോ കൂട്ടിച്ചേര്‍ത്തു.

ഇവരെ കൂടാതെ നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും തടവിലാക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ചാണ് തിങ്കളാഴ്ച സൈന്യം അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പില്‍ സൂചി വിജയമുറപ്പിച്ചതിന് പിന്നാലെയായിരുന്നു പട്ടാള നീക്കം. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി വിജയിച്ചിരുന്നു. 83 ശതമാനം സീറ്റുകള്‍ നേടിയ വിജയം പട്ടാളം അംഗീകരിച്ചിരുന്നില്ല. എന്നാല്‍, പട്ടാളത്തിന്റെ നിര്‍ദേശം മറികടന്ന് പാര്‍ലമെന്റ് സമ്മേളനം ചേരാനിരിക്കെ അട്ടിമറിയിലൂടെ വീണ്ടും സൂചിയെ തടങ്കലിലാക്കുകയായിരുന്നു.

അതേസമയം, 2007ലെ ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി നേരിട്ട മെയിന്റ് സ്വി-യെ ആണ് സൈന്യം പ്രസിഡന്റായി അവരോധിച്ചിരിക്കുന്നത്. അതിനുപിന്നാലെ, അധികാരം സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന്‍ ആങ് ലെയിങ്ങിന് കൈമാറുന്നതായി ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Share it