മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി സാധ്യതാ പട്ടികയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ തള്ളി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം മാത്രമെ ലീഗ് ചര്‍ച്ച ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്ററി ബോര്‍ഡുമായി കൂടിയാലോചിച്ച് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ കഴിഞ്ഞ പ്രവര്‍ത്തകസമിതി യോഗം സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നിട്ടില്ല. ലീഗ് സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും മജീദ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വാര്‍ത്തകളെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെയും മജീദ് രംഗത്തെത്തിയിരുന്നു. ചില മാന്യ സ്ത്രീകള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ സുന്ദരമായ മുഖം പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ നിരാശരാകേണ്ടിവരുമെന്നായിരുന്നു നേരത്തെ കെ പി എ മജീദിന്റെ പ്രതികരണം. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്വിമ തഹ്ലിയ അടക്കമുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്.