ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ബെര്‍ത്ത് ഉറപ്പാക്കി. കഴിഞ്ഞ ദിവസം ദീവന്മരണ പോരാട്ടം വെടിക്കെട്ട് ഇന്നിംഗ്സിലൂടെ സ്വന്തമാക്കിയെങ്കിലും തിങ്കളാഴ്ച ഉച്ച വരെ വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു. അഞ്ച് എലൈറ്റ് ഗ്രൂപ്പുകളിലെ മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറിലേക്ക് എത്തിയത്. ഈ ഗ്രൂപ്പില്‍ നിന്ന് ഉത്തര്‍പ്രദേശും ഇതേനിലയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
അഞ്ച് ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരും ബാക്കിയുള്ളവരില്‍ ഏറ്റവും മികച്ച രണ്ട് ടീമുകളും ക്വാര്‍ട്ടറില്‍ കയറും. തുടര്‍ന്ന് ഏറ്റവും മികച്ച മൂന്നാമത്തെ ടീം പ്ലേറ്റ് ഗ്രൂപ്പിലെ ചാമ്പ്യന്മാരുമായി ഏറ്റുമുട്ടി അതില്‍ വിജയിക്കുന്ന ടീമും ക്വാര്‍ട്ടര്‍ കളിക്കും. നേരത്തേ ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക, മുംബൈ, സൗരാഷ്ട്ര എന്നിവര്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു. എലിമിനേറ്ററില്‍ ഡെല്‍ഹിയും ഉത്തരാഖണ്ഡുമാണ് മത്സരിക്കുക. ക്വാര്‍ട്ടറില്‍ ശക്തരായ ഗുജറാത്ത് ആണ് കേരളത്തിന്റെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളിയും തോല്‍ക്കാതെയാണ് ഗുജറാത്ത് ക്വാര്‍ട്ടറിലെത്തിയത്. ഗുജറാത്തിനെതിരായ ബറോഡയുടെ തോല്‍വിയും രാജസ്ഥാനെതിരെ ഡെല്‍ഹിക്ക് മികച്ച റണ്‍റേറ്റില്‍ ജയിക്കാന്‍ കഴിയാത്തതുമാണ് കേരളത്തിന് ഗുണം ചെയ്തത്.
അതേസമയം, പരിക്കേറ്റ സഞ്ജു സാംസണിന് വിശ്രമം അനുവദിച്ചതായി കെസിഎ അറിയിച്ചു. സഞ്ജുവിന് പകരം പേസ് ബൗളര്‍ ബേസില്‍ തമ്പിയെ ടീമില്‍ ഉള്‍പ്പെടുത്തി.