കുണ്ടാറില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19കാരന്‍ മരിച്ചു

അഡൂര്‍ കൊട്ട്യാടിയിലെ യോഗീഷാണ് മരിച്ചത്.

മുള്ളേരിയ: കുണ്ടാറില്‍ ടിപ്പര്‍ ലോറിയും മോട്ടോര്‍ ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അഡൂര്‍ കൊട്ട്യാടിയിലെ യോഗീഷാ(19)ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് അപകടം. ഗ്വാളിമുഖത്തെ ഒരു കടയിലെ ജീവനക്കാരനാണ് യോഗീഷ്.

മുള്ളേരിയ ഭാഗത്ത് നിന്ന് കൊട്ട്യാടി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഗ്വാളിമുഖത്ത് നിന്നും മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ യുവാവിനെ ഗുരുതര പരിക്കുകളോടെ കാസര്‍കോട് സ്വകാര്യാസ്പത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊട്ട്യാടിയിലെ ശേഷപ്പയുടെയും ശാരദയുടെയും മകനാണ്. ഏക സഹോദരന്‍ ശിവപ്രസാദ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it