മലയോരത്ത് വീണ്ടും കാട്ടാനക്കലി; കൃഷികള്‍ നശിപ്പിച്ചു

പരപ്പ ഷമീറിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ എത്തിയ ആനകള്‍ അഞ്ച് വര്‍ഷം പ്രായമായ 25 ഓളം തെങ്ങുകളും ഇരുപതിലധികം കവുങ്ങുകളും നശിപ്പിച്ചു

അഡൂര്‍: മലയോര മേഖലയില്‍ കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ ദേലംപാടി പഞ്ചായത്തിലെ പൊക്ലമൂലയില്‍ പരപ്പ ഷമീറിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ എത്തിയ ആനകള്‍ അഞ്ച് വര്‍ഷം പ്രായമായ 25 ഓളം തെങ്ങുകളും ഇരുപതിലധികം കവുങ്ങുകളും നശിപ്പിച്ചു. എല്ലാ തെങ്ങിന്റെയും പൂക്കുലയും ഇളംതിരിയുമാണ് കാട്ടാന പിഴുതെടുത്ത് ഭക്ഷണമാക്കിയത്.

രാത്രി ഒരുമണിവരെ ഷമീറും സുഹൃത്തുക്കളും കൃഷിയിടത്തില്‍ കാവല്‍ നിന്നിരുന്നു. ഇവര്‍ തിരിച്ചു പോയതിന് ശേഷമാണ് ആനകള്‍ എത്തി കൃഷികള്‍ നശിപ്പിച്ചത്. കാട്ടാന ഇറങ്ങിയപ്പോള്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ദിവസങ്ങളായി ദേലംപാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാനകളുടെ അക്രമം പതിവായിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് ദേലംപാടി ബെള്ളിപ്പാടിയില്‍ കാട്ടാന മതില്‍ തകര്‍ത്ത് വീടിന്റെ മുറ്റത്തെത്തി ഭീതി പരത്തിയിരുന്നു. വീടിന് പുതുതായി പണിത മതില്‍ തകര്‍ത്ത ശേഷം വരാന്തയ്ക്ക് മുന്നിലെത്തുകയായിരുന്നു.

കാട്ടാന അക്രമം തടയാന്‍ വനം വകുപ്പ് അധികൃതര്‍ അടിയന്തമായി ഇടപെടണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും സ്ഥലം സന്ദര്‍ശിച്ച മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി എം.കെ അബ്ദുല്‍ റഹിമാന്‍ ഹാജി, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.എം അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. അഷ്‌റഫ് ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു.




Related Articles
Next Story
Share it