പ്രദേശവാസികളെ ഭീതിയിലാഴ് ത്തി ദേലംപാടിയിലെ കാട്ടുപോത്തിന്റെ ആക്രമണം; കുത്തേറ്റ് കര്‍ഷകന് പരിക്ക്

പരുക്കേറ്റ് വയോധികന്റെ കൈ ഒടിഞ്ഞ് തൂങ്ങി

ദേലംപാടി: പ്രദേശവാസികളെ ഭീതിയിലാഴ് ത്തി ദേലംപാടിയിലെ കാട്ടുപോത്തിന്റെ ആക്രമണം. ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു. ബാളംകയയിലെ ബി. കുഞ്ഞിരാമ(70)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കുഞ്ഞിരാമന്‍ ചെര്‍ക്കളയിലെ സ്വകാര്യാസ് പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

വ്യാഴാഴ്ച രാവിലെ പത്തരയോടെ പാണ്ടി ബാളംകയയിലാണ് സംഭവം. നെച്ചിപ്പടുപ്പിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ് വീണ കുഞ്ഞിരാമന്‍ അല്‍പനേരം കഴിഞ്ഞപ്പോള്‍ ഇഴഞ്ഞു നീങ്ങി തൊട്ടടുത്ത ബാളംകയ ചിദംബര നായ് കിന്റെ വീടിന് മുന്നിലെത്തി.

ഈ സമയം കുഞ്ഞിരാമന്റെ ഇടത് കൈ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ നാട്ടുകാരെയും വനംവകുപ്പുകാരെയും വിവരം അറിയിച്ചു. വനംവകുപ്പ് വാഹനത്തില്‍ കയറ്റി ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാരമായ പരിക്കുള്ളതിനാല്‍ കഴിഞ്ഞില്ല.

പിന്നീട് ബേഡകത്ത് നിന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. പരിക്കേറ്റ കയ്യില്‍ സര്‍ജറി നടത്തി. സംഭവസ്ഥലം ജില്ലാ വനംമേധാവി കെ. അഷ് റഫ്, കാസര്‍കോട് റേഞ്ചര്‍ സി.വി വിനോദ് കുമാര്‍ ഉള്‍പ്പെടെയുളള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

Related Articles
Next Story
Share it