ഉണുപ്പംകല്ല്-മുള്ളങ്കോട് റോഡ് പ്രവൃത്തി പാതിവഴിയില്‍; യാത്രാ ദുരിതം പേറി നാട്ടുകാര്‍

മുള്ളേരിയ: റോഡ് നിര്‍മ്മാണം തുടങ്ങി രണ്ടരവര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തി പാതിവഴിയില്‍ നിലച്ചത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ബേഡഡുക്ക പഞ്ചായത്തിലെ ഉണുപ്പംകല്ല്-മുള്ളങ്കോട് റോഡാണ് ചെളിക്കുളമായി ഗതാഗതം നിലച്ച അവസ്ഥയിലുള്ളത്.റോഡിന്റെ തുടക്കം മുതല്‍ അവസാനം വരെ പഴയ ടാറിങ് ഇളക്കിയെടുക്കുകയും 10 മീറ്റര്‍ വീതിയില്‍ മണ്ണിടുകയും ചെയ്തതോടെയാണ് റോഡ് ചെളിയില്‍ പുതഞ്ഞത്. മഴ പെയ്യുമ്പോള്‍ കൂടുതല്‍ തകര്‍ന്ന് കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണിപ്പോള്‍. ഇരുചക്രവാഹനങ്ങള്‍ ചെളിയില്‍ തെന്നിനീങ്ങി അപകടങ്ങള്‍ പതിവായി.കാര്‍, ജീപ്പ്, സ്‌കൂള്‍ ബസ് എന്നിവ ചെളിയില്‍ താഴ്ന്ന് വഴിയിലാവുന്നതും പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുണ്ടൂച്ചി, മുള്ളങ്കോട് പ്രദേശങ്ങളിലെ ജനങ്ങള്‍ അവരുടെ വാഹനങ്ങള്‍ ഉണുപ്പംകല്ലിലെ പല വീടുകളിലായാണ് പാര്‍ക്ക് ചെയ്യുന്നത്. രാവിലെയും വൈകിട്ടും പലര്‍ക്കും കിലോമീറ്ററുകളാണ് നടക്കേണ്ടി വരുന്നത്.
റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍പ്പെടുത്തിയാണ് പണി ആരംഭിച്ചത്.അഞ്ച് കോടി രൂപ അടങ്കലില്‍ 1.8 കിലോമീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ വീതിയില്‍ റോഡ് വികസനം.അഞ്ചരമീറ്റര്‍ വീതിയിലാണ് ടാര്‍ ചെയ്യേണ്ടത്. ഇടയില്‍ വരുന്ന കള്‍വര്‍ട്ടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 10 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കുകയും ഉണുപ്പംകല്ല്, മുള്ളങ്കോട് എന്നിവിടങ്ങളില്‍ കയറ്റം കുറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അരിക് ഭിത്തിയുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായില്ല.
ഈ വര്‍ഷം മാര്‍ച്ച് 31ന് പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തി പാതിവഴിയിലായതോടെ കരാറുകാരന്‍ സമയം നീട്ടിച്ചോദിച്ചു. സര്‍ക്കാര്‍ നീട്ടിനല്‍കിയ സമയം ഈ മാസം അവസാനിക്കുകയാണ്. അതിനാല്‍, സമയം നീട്ടാന്‍ ആവശ്യപ്പെടുമെന്നും മഴ ഒഴിഞ്ഞാല്‍ ഉടന്‍ ടാറിങ് പ്രവൃത്തി ആരംഭിച്ച് ഡിസംബറോടെ പണി പൂര്‍ത്തീകരിക്കുമെന്നുമാണ് കരാറുകാര്‍ പറയുന്നത്.