അഡൂരിലെ തെയ്യംകലാകാരന്‍ മരിച്ചത് അടിയേറ്റ്; പ്രതി അറസ്റ്റില്‍

ചന്ദനക്കാട്ടിലെ ചിദാനന്ദനെയാണ് ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജ് അറസ്റ്റ് ചെയ്തത്

ആദൂര്‍: തെയ്യംകലാകാരന്‍ അഡൂര്‍ ചന്ദനക്കാട്ടിലെ സതീശന്‍ എന്ന ബിജു(46) മരിച്ചത് അടിയേറ്റാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ നരഹത്യക്ക് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചന്ദനക്കാട്ടിലെ ചിദാനന്ദ(32)നെയാണ് ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് അയല്‍വാസിയായ സോമനായകിന്റെ വീട്ടുവരാന്തയില്‍ ബിജുവിനെ അവശനിലയില്‍ കണ്ടത്. നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു. ബിജുവിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതോടെ അടിയേറ്റും വീഴ്ചയുടെ ആഘാതത്തിലുമുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമെന്ന് വ്യക്തമായി.

ഇതോടെ അന്വേഷണച്ചുമതല ബേക്കല്‍ ഡി.വൈ.എസ്.പി ഏറ്റെടുക്കുകയായിരുന്നു. ചിദാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. ബിജുവിന്റെ അയല്‍വാസിയായ സോമനായക് വീട്ടില്‍ ഒറ്റക്കാണ് താമസം. സോമനായകും ബിജുവും ചിദാനന്ദനും ഇവിടെ വെച്ച് മദ്യപിച്ചിരുന്നു.

ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബിജുവിനെ ചിദാനന്ദന്‍ മര്‍ദ്ദിക്കുകയും തള്ളിയിടുകയും ചെയ്തു. അടിയേറ്റ് വാരിയെല്ല് ഒടിയുകയും വീഴ്ചയില്‍ കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

Related Articles
Next Story
Share it