അറവുശാലയില്‍ നിന്നുള്ള മാലിന്യം റോഡിലെറിഞ്ഞു; യുവാവിനെതിരെ കേസ്

ദേലംപാടി മയ്യളയിലെ ജലാലുദ്ദീനെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്

ആദൂര്‍: അറവുശാലയില്‍ നിന്നുള്ള മാലിന്യം റോഡിലെറിഞ്ഞതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. ദേലംപാടി മയ്യളയിലെ ജലാലുദ്ദീ(30)നെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. മയ്യളയിലുള്ള അറവുശാലയില്‍ നിന്ന് തലയും കുടലും തോലും ഉള്‍പ്പെടെയുള്ള പോത്തിന്റെ അവശിഷ്ടങ്ങള്‍ കുഴിയിലും റോഡിലുമായി ഇയാള്‍ വലിച്ചെറിയുകയായിരുന്നു.

ഇത് കാണാനിടയായ പ്രദേശവാസികള്‍ പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ആദൂര്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയും പോത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് ജലാലുദ്ദീനെതിരെ കേസെടുക്കുകയായിരുന്നു. ഇത്തരത്തില്‍ അറവ് മാലിന്യങ്ങള്‍ റോഡരികില്‍ നിക്ഷേപിക്കുന്നത് ഇപ്പോള്‍ പലരും പതിവാക്കിയിരിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും എസ്.ഐ അറിയിച്ചു.

Related Articles
Next Story
Share it