'അനക്ക് ഇതുവരെ ഇങ്ങ്നത്തെ ഒരു എക്സ്പീരിയന്‍സ് ഇണ്ടാവും എന്ന് വിചാരിച്ചില്ല'- കാസര്‍കോട്ടെ ആദ്യത്തെ സംവിധായിക

കാസര്‍കോട്: 'അനക്ക് ഇതുവരെ ഇങ്ങ്നത്തെ ഒരു എക്സ്പീരിയന്‍സ് ഇണ്ടാവും എന്ന് വിചാരിച്ചില്ല'-കാസര്‍കോട് ഭാഷയില്‍ സംസാരിക്കാന്‍ മലയാളത്തിന് ഒരു വനിതാ സംവിധായികയെ കൂടി ലഭിച്ചിരിക്കുന്നു. രണ്ട് മാസത്തെ സംവിധാന ചുമതല അവസാനിക്കുമ്പോള്‍ കാസര്‍കോട്ടുകാരി ഫര്‍സാന ബിനി അസഫര്‍ തനി കാസര്‍കോട്ടുഭാഷയില്‍ സംതൃപ്തി അറിയിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മാണത്തില്‍ പൂര്‍ണമായും സ്ത്രീകള്‍ മാത്രം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ചിത്രമായ മുംതയുടെ സംവിധാനം നിര്‍വഹിക്കുന്നത് ഫര്‍സാനയാണ്. ഫര്‍സാനയെ വിളിച്ചപ്പോള്‍ ഷൂട്ടിംഗിന്റെ അവസാന സീനും തീര്‍ത്തതിന്റെ സംതൃപ്തിയിലായിരുന്നു അവര്‍. മുംതയുടെ തിരക്കഥ സര്‍ക്കാരിന് സമര്‍പ്പിച്ചപ്പോള്‍ തിരഞ്ഞെടുക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ജനുവരി എട്ടിന് തുടങ്ങിയ പ്രീ പ്രൊഡക്ഷന്‍ പ്രവൃത്തികള്‍ മുതല്‍ ഷൂട്ടിംഗ് തീരുന്നത് വരെ ഓരോ നിമിഷത്തിലും ആത്മവിശ്വാസം ഇരട്ടിയായെന്നും അറുപത് ദിവസത്തിലധികം നീണ്ട സംവിധാന ചുമതല മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നും ഫര്‍സാന പറയുന്നു. ദേശീയ അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഫൗസിയ ഫാത്തിമയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്. ഫൗസിയ ഫാത്തിമയുടെ സഹകരണം മികച്ചതായിരുന്നുവെന്ന് ഫര്‍സാന പറയുന്നു. 2011ലാണ് ഫര്‍സാന സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. അന്ന് നിര്‍മ്മാണം ഏറ്റെടുത്ത ചിത്രം പൂര്‍ത്തിയാക്കാനായില്ല. പക്ഷെ തളര്‍ന്നില്ല. ഷോര്‍ട്ട് ഫിലിം രംഗത്ത് സജീവമായ ഭര്‍ത്താവ് ബിനി അസഫറിന്റെ കൂടെ പ്രവര്‍ത്തിച്ചു. ഇത് ചിത്രീകരണവും സംവിധാനവും മറ്റ് സാങ്കേതികവശങ്ങളും മനസിലാക്കാന്‍ ഉപകരിച്ചു. ഇത് തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ സംഘടിപ്പിച്ച ശില്‍പശാലയിലേക്ക് അപേക്ഷിക്കുന്നത്്. ചലച്ചിത്ര വികസന കോര്‍പറേഷന്‍ തന്റെ തിരക്കഥ തിരഞ്ഞെടുത്തപ്പോള്‍ ഒരൊറ്റ ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. കാസര്‍കോടിനെ അടയാളപ്പെടുത്താന്‍ പറ്റാവുന്നതിന്റെ പരമാവധി ക്യാമറയില്‍ അടയാളപ്പെടുത്തുക. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ സാംസ്‌കാരിക ശേഷിപ്പുകള്‍ ഒപ്പിയെടുക്കുക. അത് നിര്‍വഹിക്കാനായി എന്ന സംതൃപ്തിയുണ്ട്-ഫര്‍സാന പറയുന്നു. ചൗക്കി ആസാദ് നഗര്‍ സ്വദേശിനിയാണ് ഫര്‍സാന.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it