'777 ചാര്‍ളി' സംവിധായകന്‍ കിരണ്‍രാജ് വിവാഹിതനാവുന്നു; വധു യു.കെയില്‍ നര്‍ത്തകിയായ കാസര്‍കോട് സ്വദേശിനി

കിരണ്‍ രാജ് അനയ വസുധക്കും അനയയുടെ മാതാപിതാക്കളായ ശരത് ബോളാറിനും ചിത്രലേഖക്കുമൊപ്പം
കാസര്‍കോട്: വന്‍ ഹിറ്റാവുകയും സംസ്ഥാന പുരസ്‌കാരങ്ങളടക്കമുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത '777 ചാര്‍ളി' എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കിരണ്‍രാജ് കെ. വിവാഹിതനാവുന്നു. വധു കാസര്‍കോട് സ്വദേശിനിയും യു.കെയില്‍ നര്‍ത്തകിയുമായ അനയ വസുധ. ഈ മാസം 30ന് ബദിയടുക്ക-മുള്ളേരിയ റോഡിലെ ശ്രീ ഉമാ മഹേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് താലിക്കെട്ട്. കാസര്‍കോട് നഗരത്തിലെ പ്രകാശ് സ്റ്റുഡിയോ ഉടമ സുന്ദര്‍ റാവുവിന്റെ മകള്‍ യു.കെയിലെ അറിയപ്പെടുന്ന നൃത്ത അധ്യാപികയായ ചിത്രലേഖയുടെയും മംഗലാപുരം സ്വദേശി ശരത് ബോളാറിന്റെയും മകളാണ് അനയ വസുധ. കന്നഡ സിനിമയിലെ സംവിധായകരുടെ മുന്‍നിരയിലേക്ക് വളരെ പെട്ടെന്ന് തന്നെ കയറിവന്ന കിരണ്‍രാജ് പുതിയ സിനിമയുടെ ഒരുക്കത്തിലാണ്. ഇതിനിടയിലാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങ് അടുത്തിടെ യു.കെയിലെ ബര്‍മിംഗ് ഹാമില്‍ നടന്നു. അമ്മയോടൊപ്പം ബര്‍മിംഗ് ഹാമില്‍ ഭരതനാട്യം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയാണ് അനയ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കയും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലാണ് താലിക്കെട്ട്.

