കേക്ക് സ്റ്റോറി ഏപ്രില്‍ 19 മുതല്‍ തിയേറ്ററുകളില്‍

മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സുനില്‍ ഒരിടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന കേക്ക് സ്റ്റോറിക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ഏപ്രില്‍ 19നാണ് കേക്ക് സ്റ്റോറി തിയേറ്ററുകളിലേക്ക് എത്തുന്നത്.

ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തില്‍ സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്.

ചിത്രവേദ റീല്‍സിന്റേയും ജെ.കെ.ആര്‍. ഫിലിംസിന്റേയും ബാനറില്‍ ബിന്ദു സുനിലും ജയന്തകുമാര്‍ അമൃതേശ്വരിയും ചേര്‍ന്നാണ് കേക്ക് സ്റ്റോറി നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്റണി, ജോണി ആന്റണി, മേജര്‍ രവി, കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, മല്ലിക സുകുമാരന്‍, നീനാ കുറുപ്പ്, സാജു കൊടിയന്‍, ദിനേഷ് പണിക്കര്‍, ഡൊമിനിക്, അന്‍സാര്‍ കലാഭവന്‍, ടി.എസ് സജി, ഗോവിന്ദ്, അശിന്‍, ജിത്തു, ഗോകുല്‍, സംഗീത കിങ്സ്ലി, ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യു.എസ്.എ, മിലിക്ക സെര്‍ബിയ, ലൂസ് കാലിഫോര്‍ണിയ, നാസ്തിയ മോസ്‌കോ തുടങ്ങി വിദേശികള്‍ ആയിട്ടുള്ള അഞ്ചുപേരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിന്‍ കിന്‍സ്ലി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് കേക്ക് സ്റ്റോറി. പന്ത്രണ്ടു മണിയും പതിനെട്ടു വയസും എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it