മത്സരിക്കാന്‍ ഉറച്ചുതന്നെ: 90 ദിവസ വാലിഡിറ്റിയില്‍ അടിപൊളി പ്ലാനുമായി ബി.എസ്.എന്‍.എല്‍

ന്യൂഡല്‍ഹി: എതിരാളികളോട് മത്സരിക്കാന്‍ ഉറച്ച് അടിപൊളി പ്ലാനുമായി പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്‍. രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കയാണ് ബി.എസ്.എന്‍.എല്‍.
90 ദിവസം വാലിഡിറ്റിയുള്ള 411 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഇതിന്റെ ഹൈലൈറ്റ്. റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് കോളും ലഭിക്കും. ഓഫര്‍ ലഭിക്കാനായി ബി.എസ്.എന്‍.എല്‍ സെല്‍ഫ് കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യാം.
ഭാരതി എയര്‍ടെല്‍, വിഐ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് തലവേദന സമ്മാനിക്കുന്ന റീച്ചാര്‍ജ് പ്ലാനാണ് ഇത്. 411 രൂപയ്ക്ക് 90 ദിവസത്തേക്ക് ദിവസം രണ്ട് ജിബി വീതം അതിവേഗ ഡാറ്റ ആസ്വദിക്കാം. ഈ പരിധി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 40 കെ.ബി.പി.എസ് ആയി കുറയും. ഇതിന് പുറമെ 90 ദിവസവും അണ്‍ലിമിറ്റഡ് വോയിസ് കോളും 411 രൂപ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. അധികം സാമ്പത്തിക ബാധ്യതയില്ലാതെ ഉപയോക്താക്കളെ സന്തോഷിപ്പിക്കാനുള്ള സമീപകാല തന്ത്രങ്ങളുടെ ഭാഗമായാണ് ബി.എസ്.എന്‍.എലിന്റെ ഈ പുതിയ പ്ലാന്‍.
രാജ്യത്ത് അതിവേഗം 4ജി വിന്യാസവുമായി മുന്നോട്ടുപോവുകയാണ് ബി.എസ്.എന്‍.എല്‍. ഒരു ലക്ഷം 4ജി സൈറ്റുകള്‍ ലക്ഷ്യമിടുന്ന ബി.എസ്.എന്‍.എല്‍ ഇതിനകം തന്നെ 65,000ത്തിലേറെ എണ്ണം പൂര്‍ത്തിയാക്കി. ഈ വര്‍ഷം മധ്യത്തോടെ ഒരു ലക്ഷം 4ജി ടവറുകള്‍ ബി.എസ്.എന്‍.എല്‍ തികയ്ക്കും. ഇതുവഴി രാജ്യത്ത് നെറ്റ് വര്‍ക്ക് കൂടുതല്‍ മെച്ചപ്പെടുത്താനും സേവനം കാര്യക്ഷമമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.