ജോലിയില്‍ മോശം പ്രകടനം: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

ഗൂഗിളിനും മൈക്രോസോഫ്റ്റിനും ശേഷം മോശം പ്രകടനം നടത്തുന്ന ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയുമൊക്കെ മാതൃസ്ഥാപനമായ മെറ്റ. ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ചവയ്ക്കുന്ന 5 ശതമാനം ജീവനക്കാരെയായിരിക്കും പിരിച്ചുവിടല്‍ ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഫെബ്രുവരി 11 നും ഫെബ്രുവരി 18 നും ഇടയില്‍ ഇതുസംബന്ധിച്ച അറിയിപ്പുകള്‍ ജീവനക്കാര്‍ക്ക് ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എ ഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വര്‍ദ്ധിച്ചതോടെയാണ് മെറ്റ വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ ആരംഭിച്ചത്. 3,000-ത്തിലധികം ജീവനക്കാരെ ഇത് ബാധിച്ചതായാണ് വിവരം.
ഏകദേശം 1,750 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സോഫ് റ്റ് വെയര്‍ ഭീമനായ വര്‍ക്ക് ഡേ സിഇഒ കാള്‍ എഷെന്‍ബാക്ക് അടുത്തിടെ പറഞ്ഞിരുന്നു. നിര്‍മിത ബുദ്ധിക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കമ്പനിയുടെ വളര്‍ച്ചയെ പുതിയ യുഗത്തിലേക്ക് നയിക്കുമെന്ന പ്രസ്താവനയില്‍ നിന്നും ഈ പിരിച്ചുവിടലിന്റെ പിന്നിലുള്ള ശക്തി വ്യക്തമാണ്.
എന്നാല്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ ബാധകമല്ല. പ്രാദേശിക തൊഴില്‍ നിയമങ്ങളുടെ നിയന്ത്രണങ്ങളാണ് ഇവരെ ഒഴിവാക്കാന്‍ കാരണം. അതേസമയം യുഎസ്, ഏഷ്യ ഉള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളെയും ഈ പിരിച്ചുവിടല്‍ ബാധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പുറത്തുവന്ന ഇന്റേണല്‍ മെമ്മോകള്‍ പ്രകാരം മെഷീന്‍ ലേണിങ് എന്‍ജീനിയര്‍മാരുടെ നിയമനം വേഗത്തിലാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഫെബ്രുവരി 11 നും മാര്‍ച്ച് 13 നും ഇടയില്‍ മെഷീന്‍ ലേണിങ് അധിഷ്ഠിത ജോലികളിലേക്കുള്ള നിയമന പ്രക്രിയ വേഗത്തിലാക്കുമെന്ന് മോണിറ്റൈസേഷന്‍ എന്‍ജിനീയറിങ് വൈസ് പ്രസിഡന്റ് പെങ് ഫാനില്‍ നിന്നുള്ള ഒരു മെമ്മോ പറയുന്നു.