മാറ്റത്തിനൊരുങ്ങി ജിമെയില്‍; ഇനി ക്യൂആര്‍ കോഡ് രീതിയിലേക്ക്

കാലിഫോര്‍ണിയ: ഇമെയില്‍ സംവിധാനമായ ജിമെയില്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോഗിന്‍ ചെയ്യാന്‍ എസ്.എം.എസ് വഴി ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂആര്‍ കോഡ് രീതിയിലേക്ക് ജിമെയില്‍ മാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രാജ്യാന്തര മാധ്യമം ഫോബ്സ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അക്കൗണ്ടുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജിമെയിലിലെ എസ്.എം.എസ് അധിഷ്ഠിത ലോഗിന്‍ കോഡ് സംവിധാനം ഗൂഗിള്‍ അവസാനിപ്പിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പുത്തന്‍ ഫീച്ചര്‍ വരും മാസങ്ങളില്‍ തന്നെ ജിമെയിലില്‍ ഗൂഗിള്‍ അവതരിപ്പിക്കും.

ലോഗിന്‍ ചെയ്യാനായി യൂസര്‍മാര്‍ക്ക് നിലവില്‍ എസ്.എം.എസ് വഴിയാണ് ആറക്ക കോഡ് ജിമെയിലിന്റെ ഉടമകളായ ഗൂഗിള്‍ കമ്പനി അയക്കുന്നത്. ഗൂഗിള്‍ അക്കൗണ്ടില്‍ പ്രവേശിക്കാന്‍ ശരിയായ പാസ് വേഡ് നല്‍കിയ ശേഷം ഇത്തരത്തില്‍ എസ്.എം.എസ് വഴിയുള്ള ആറക്ക കോഡും സമര്‍പ്പിക്കേണ്ടത് ഇപ്പോള്‍ നിര്‍ബന്ധമാണ്. 2011ലാണ് ഗൂഗിള്‍ ആദ്യമായി ഇത്തരം സംവിധാനം അവതരിപ്പിച്ചത്.

ഇതിന് പകരം ഭാവിയില്‍ സ്മാര്‍ട്ട് ഫോണ്‍ ക്യാമറകള്‍ വഴി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന രീതി ജിമെയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഗൂഗിള്‍ നടത്തുന്നത്. ക്യൂആര്‍കോഡ് രീതി കൂടുതല്‍ സുരക്ഷ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് നല്‍കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. എസ്.എം.എസ് വഴി ലഭിക്കുന്ന ആറക്ക കോഡ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വിദഗ്ധമായി കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ടു-ഫാക്ടര്‍ ഓതന്റിക്കേഷനായി ക്യൂആര്‍ കോഡ് രീതി ജിമെയില്‍ അധികൃതര്‍ ആലോചിക്കുന്നത്.

Related Articles
Next Story
Share it