എ.ഐയിലൂടെ ആയുധം വികസിപ്പിക്കില്ലെന്ന ചട്ടം തിരുത്തി ഗൂഗിള്‍; ലോകം ആശങ്കയില്‍

കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗം സംബന്ധിച്ചുള്ള മുന്‍നിലപാടില്‍ മാറ്റം വരുത്തി ഗൂഗിള്‍. എഐ ഉപയോഗിച്ച് ആയുധങ്ങള്‍ വികസിപ്പിക്കുകയോ, നിരീക്ഷണ സംവിധാനങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നയമാണ് ഗൂഗിള്‍ തിരുത്തിയത്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ എ.ഐ നൈതികത നയത്തില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ നീക്കം ചെയ്തുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
എഐ എന്തിനൊക്കെ ഉപയോഗിക്കില്ല എന്ന് വിശദീകരിച്ചിരുന്ന നാലിന പട്ടിക ഗൂഗിളിന്റെ എഐ നയത്തില്‍ നിന്ന് അപ്പാടെ വെട്ടിമാറ്റുകയായിരുന്നു. ദോഷം ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിക്കില്ല, ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കാവുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങളോ വികസിപ്പിക്കില്ല, അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ നിരീക്ഷണത്തിനായി എഐ ഉപയോഗിക്കില്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇടയാകുന്ന തരത്തില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കില്ല എന്നീ ചട്ടങ്ങളാണ് എഐ നയത്തില്‍ നിന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് നീക്കം ചെയ്തത്.
സര്‍ക്കാര്‍ പ്രതിരോധ കരാറുകള്‍ സ്വന്തമാക്കാന്‍ വേണ്ടിയാണ് ഗൂഗിള്‍ ഈ നയംമാറ്റം വരുത്തിയതെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഗൂഗിളിന്റെ നയം മാറ്റം എഐയെ ആയുധവത്കരിക്കുമെന്ന ആശങ്ക ശക്തമാക്കുകയാണ്.