'ഇന്ത്യയില്‍ എ.ഐ വിപ്ലവം സൃഷ്ടിക്കും'; സുന്ദര്‍ പിച്ചൈ : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പാരിസ്: നിര്‍മിത ബുദ്ധിയുടെ വന്‍ അവസരങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. പാരിസില്‍ നടന്ന എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനിരിക്കുന്ന വലിയ എഐ സാധ്യതകളെക്കുറിച്ച് തന്റെ എക്‌സ് പോസ്റ്റിലൂടെ പങ്കുവയ്ക്കുകയായിരുന്നു ഗൂഗിള്‍ മേധാവി. രാജ്യത്തെ ഡിജിറ്റല്‍ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് ഗൂഗിളും ഇന്ത്യയും തമ്മിലുള്ള സഹകരണ സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

എഐ ആക്ഷന്‍ ഉച്ചകോടിക്കിടെ പാരിസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം രാജ്യത്തിന് എഐ കൊണ്ടുവരുന്ന അവിശ്വസനീയമായ അവസരങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഗൂഗിളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത കാര്യം വ്യക്തമാക്കി.

നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് നിര്‍മിത ബുദ്ധിയെന്ന് ഉച്ചക്കോടിയില്‍ സംസാരിക്കവെ പിച്ചൈ പറഞ്ഞിരുന്നു. എഐ സാങ്കേതികവിദ്യ ഒരു സുവര്‍ണകാലഘട്ടം തീര്‍ക്കുമെന്നും എന്നാല്‍ എഐയെ വേണ്ടവിധം ഉപയോഗപ്പെടുത്താത്തതാണ് ഏറ്റവും വലിയ അപകടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എഐ വികസനത്തിനായി ഗൂഗിള്‍ 7500 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

എഐയുടെ മുഴുവന്‍ സാധ്യതകളെയും ഉപയോഗപ്പെടുത്താന്‍ ആവശ്യമായ നാലു പ്രധാന ഘടകങ്ങളെ കുറിച്ചും പിച്ചൈ സൂചിപ്പിച്ചു. നവീകരണവും വ്യാപനവും പ്രോത്സാഹിപ്പിക്കല്‍, അടിസ്ഥാന സൗകര്യമൊരുക്കല്‍, തൊഴില്‍ മേഖലയെ എഐയുമായി പൊരുത്തപ്പെടുത്തല്‍, ബോധപൂര്‍വവും ഉത്തരവാദിത്വത്തോടെയുമുള്ള മുന്നേറ്റം എന്നിവയാണവ.

എഐയുടെ സാധ്യതകള്‍ മനസിലാക്കുന്നതിനൊപ്പം തന്നെ പരിമിതികളെക്കുറിച്ചും വ്യക്തമായ ബോധം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍, ദുരുപയോഗ സാധ്യതകള്‍, ഡിജിറ്റല്‍ ഡിവൈഡിലൂടെ വരുന്ന അപകടങ്ങള്‍ എന്നിവ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it