റീച്ചാര്‍ജ്, ബില്ലടവ് ഉള്‍പ്പെടെ എല്ലാം ഉടന്‍ വാട്‌സ്ആപ്പിലും; പേയ്‌മെന്റ് ആപ്പുകള്‍ക്ക് വെല്ലുവിളി

തത്സമയ മെസ്സേജിംഗ് ആപ്പായ വാട്‌സ്ആപ്പിന് ലോകമെമ്പാടും 3.5 കോടി ഉപയോക്താക്കളാണുള്ളത്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഓരോ ഘട്ടത്തിലും വിവിധ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പരീക്ഷിച്ച് കൊണ്ടിരിക്കുന്നത്.
മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് , യുപിഐ അടിസ്ഥാനമാക്കിയുള്ള പിയര്‍-ടു-പിയര്‍ ഇടപാടുകള്‍ക്കപ്പുറത്തേക്ക് സാമ്പത്തിക സേവനങ്ങള്‍ വിപുലീകരിക്കുന്നതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പില്‍ നിന്ന് തന്നെ നേരിട്ട് ബില്‍ പേയ്മെന്റുകള്‍ നടത്താന്‍ ഇന്ത്യയിലെ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഒന്നിലധികം ആപ്ലിക്കേഷനുകളിലേക്ക് മാറേണ്ട സാഹചര്യം ഇല്ലാതാക്കി , വാട്ട്സ്ആപ്പിനെ ഒരു സമഗ്ര യൂട്ടിലിറ്റി പ്ലാറ്റ്ഫോമായി സ്ഥാപിക്കുന്നതിലൂടെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ കാര്യക്ഷമമാക്കാനാണ് ഈ നീക്കം. പുതിയ ഫീച്ചര്‍ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കും.
വാട്ട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.25.3.15 ലാണ് ബില്‍ പേയ്മെന്റ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. വൈദ്യുതി, വെള്ളം, മൊബൈല്‍ റീചാര്‍ജുകള്‍, വാടക ഉള്‍പ്പെടെ വിവിധ ബില്ലുകള്‍ അടയ്ക്കാന്‍ ഉപയോക്താക്കളെ പുതിയ ഫീച്ചര്‍ അനുവദിക്കും -ഗാര്‍ഹിക ചെലവുകള്‍ പതിവായി ഒന്നിലധികം പ്ലാറ്റ്‌ഫോമുകളില്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഉപകാരപ്രദമാകും.
വാട്ട്സ്ആപ്പിന്റെ നിലവിലുള്ള യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സിസ്റ്റമായ വാട്ട്സ്ആപ്പ് പേയുമായി പ്രവര്‍ത്തനം സംയോജിപ്പിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍, വാട്ട്സ്ആപ്പ് പേ ഉപയോക്താക്കളെ കോണ്‍ടാക്റ്റുകളിലേക്ക് പണം അയയ്ക്കാനും യുപിഐ വഴി ബിസിനസുകളിലേക്ക് പണമടയ്ക്കാനും ആണ് സഹായിക്കുന്നത്.