ബി.എസ്.എന്‍.എല്‍ 4G വിന്യാസത്തിന് വേഗതയേറും: 6000 കോടി കൂടി അനുവദിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബി എസ് എന്‍ എല്‍ (Bharat Sanchar Nigam Limited), എംടിഎന്‍എല്‍ (Mahanagar Telephone Nigam Limited) കമ്പനികളുടെ 4ജി വിന്യാസം ഇനി വേഗത്തിലാകും. പണി പൂര്‍ത്തിയാക്കാന്‍ കേന്ദ്രം 6,000 കോടി രൂപ കൂടി നല്‍കാന്‍ തീരുമാനിച്ചതായുള്ള വിവരങ്ങള്‍ പുറത്ത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരുലക്ഷം 4ജി ടവറുകള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് ഈ തുക ബി എസ് എന്‍ എല്‍ ഉപയോഗിക്കുക എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യവ്യാപകമായി 4ജി എത്തിക്കാന്‍ ബി എസ് എന്‍ എല്‍ 19,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 13,000 കോടിയോളം രൂപ ഇതിനകം തന്നെ ചിലവഴിച്ചു. അവശേഷിക്കുന്ന 6,000 കോടി രൂപയ്ക്കായി ബി എസ് എന്‍ എല്‍ ടെലികോം മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര ക്യാബിനറ്റ് ബാക്കി തുകയും അനുവദിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇതുവരെ വന്നിട്ടില്ല.

നിലവില്‍ എംടിഎന്‍എലിന്റെ 4ജി വിന്യാസത്തിനും ബി എസ് എന്‍ എല്‍ ആണ് മേല്‍നോട്ടം വഹിക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലുമാണ് എംടിഎന്‍എല്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നത്. 10 വര്‍ഷത്തേക്ക് എംടിഎന്‍എലിന്റെ 4ജി നെറ്റ് വര്‍ക്ക് സേവനങ്ങള്‍ ഒരുക്കുന്നത് ബി എസ് എന്‍ എല്‍ ആയിരിക്കും.

2019 മുതല്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപയാണ് ബി എസ് എന്‍ എല്‍, എംടിഎന്‍എല്‍ എന്നീ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരെ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കേന്ദ്രം അനുവദിച്ചത്. മൂന്ന് പുനരുദ്ധാരണ പാക്കേജുകള്‍ വഴിയായിരുന്നു ഈ സാമ്പത്തിക സഹായം നല്‍കിയത്. ഇതിനകം 65000ത്തിലേറെ 4ജി ടവറുകള്‍ ബി എസ് എന്‍ എല്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞു. കേരളത്തില്‍ 5,000 സൈറ്റുകളില്‍ ബി എസ് എന്‍ എല്‍ 4ജി എത്തി.

Related Articles
Next Story
Share it