തകര്‍പ്പന്‍ പ്ലാനുമായി ബി.എസ്.എന്‍.എല്‍; ഇവിടെയുണ്ട് ബജറ്റ്-ഫ്രണ്ട്ലി റീച്ചാര്‍ജ് കൂപ്പണ്‍

ന്യൂഡല്‍ഹി: ഉപയോക്താക്കളെ കയ്യിലെടുക്കാന്‍ തകര്‍പ്പന്‍ പ്ലാനുമായി പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. സൗജന്യ കോളും എസ്.എം.എസും മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ള റീച്ചാര്‍ജ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, മികച്ച വാലിഡിറ്റിയും ഈ പ്ലാനിനെ ആകര്‍ഷകമാകുന്നു.

കുറഞ്ഞ നിരക്കില്‍ റീച്ചാര്‍ജ് കൂപ്പണുകള്‍ ഇതിന് മുമ്പും ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിക്കുന്ന പുതിയ ബജറ്റ്-ഫ്രണ്ട്ലി റീച്ചാര്‍ജ് കൂപ്പണ്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഉപയോക്താക്കളെ കയ്യിലെടുക്കാന്‍ ബി.എസ്.എന്‍.എല്‍ വിലക്കുറവുള്ള റീച്ചാര്‍ജ് പാക്കുകളുമായി എത്തുന്നത്.

439 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 90 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. ഇക്കാലയളവില്‍ സൗജന്യ കോളുകള്‍ ലഭിക്കും. രാജ്യവ്യാപകമായി ഈ കോളിംഗ് സൗകര്യം ഉപയോഗിക്കാം. ഇതിന് പുറമെ 90 ദിവസത്തേക്ക് 300 എസ്.എം.എസുകളും ഉപയോഗിക്കാം. ഒരു ദിവസത്തേക്ക് 4.90 രൂപയാണ് ചിലവാകുക. എന്നാല്‍ ചെറിയ അളവിലുള്ള ഡാറ്റാ സൗകര്യം പോലും ബി.എസ്.എന്‍.എല്‍ നല്‍കുന്നില്ല എന്നത് ഈ പാക്കേജിന്റെ ന്യൂനതയായി കാണാം. ബി.എസ്.എന്‍.എല്‍ സെല്‍ഫ് കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യാം.

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നീ കമ്പനികള്‍ക്ക് റീച്ചാര്‍ജ് ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ബി.എസ്.എന്‍.എല്‍ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. അതേസമയം കോള്‍-ഡ്രോപ് അടക്കമുള്ള പ്രശ്‌നങ്ങളെ കുറിച്ച് ഇപ്പോഴും ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ക്ക് പരാതിയുണ്ട്. 4ജി വിന്യാസം പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ.

Related Articles
Next Story
Share it