ഫോട്ടോഷോപ്പ് ഇനി ഐഫോണിലും; എഡിറ്റിംഗ് വേറെ ലെവല്‍

ജനപ്രിയ എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ അഡോബ് ഫോട്ടോഷോപ്പ് ഐഫോണുകളില്‍ അവതരിപ്പിച്ചു. എ.ഐ സാങ്കേതിക വിദ്യയുടെ പിന്തുണയോടെയാണ് ലോകമെമ്പാടുമുള്ള ഐഫോണുകളില്‍ ഫോട്ടോഷോപ്പ് അവതതരിപ്പിച്ചത്. ഫോട്ടോഷോപ്പിന്റെ ബേസിക് ഫീച്ചറുകള്‍ സൗജന്യമായും പ്രീമിയം എഡിഷന്‍ മാസം 7.99 ഡോളര്‍ നല്‍കിയും ഉപയോഗിക്കാന്‍ സാധിക്കും. നേരത്തെ ഐപാഡുകളില്‍ സമാനമായ രീതിയില്‍ ഫോട്ടോഷോപ്പ് പ്രവര്‍ത്തനം ലഭിച്ചിരുന്നു. 9.99 ഡോളറായിരുന്നു ഐപാഡില്‍ പ്രീമിയം സബ്സ്‌ക്രിപ്ഷന് നല്‍കേണ്ട തുക.നേരത്തെ ഡെസ്‌ക് ടോപ്പുകളില്‍ മാത്രം ലഭ്യമായിരുന്ന അഡോബ് ഫോട്ടോഷോപ്പ് ഇനി ഫോണില്‍ ലഭ്യമാകുന്നതോടെ എഡിറ്റിംഗ് അനുഭവം വിരല്‍ത്തുമ്പില്‍ ഏത് നിമിഷവും ലഭ്യമാവും.
ഫോട്ടോഷോപ്പിന്റെ ഔദ്യോഗിക ആപ്പ്, ആപ്പ് സ്റ്റോറില്‍ ഇതിനോടകം തന്നെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാണ് ഫോട്ടോഷോപ്പിന്റെ മൊബൈല്‍ വേര്‍ഷന്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോഷോപ്പിന് സമാനമായ ഇന്‍-ബില്‍റ്റ് ഫോട്ടോ എഡിറ്റിങ് സംവിധാനങ്ങള്‍ നിലവില്‍ ഫോണുകളില്‍ ലഭ്യമാണ്. ഇതും മുന്‍നിര്‍ത്തിയാണ് ഫോട്ടോഷോപ്പ് പുതിയ നീക്കത്തിന് തുടക്കമിട്ടത്. ലെയര്‍ എഡിറ്റിംഗ്, മാസ്‌കിംഗ്, ടെക്സ്റ്റ് ടൂളുകള്‍ ഫോട്ടോഷോപ്പിന്റെ സൗജന്യ മൊബൈല്‍ പതിപ്പില്‍ ലഭ്യമാണ്.