നവരസങ്ങളുടെ കിലുക്കത്തിന് 63

മഹാനടനെക്കുറിച്ച്...മലയാള സിനിമക്ക് മോഹന്‍ലാലിനെ സമ്മാനിച്ചത് സംവിധായകന്‍ ഫാസിലാണ്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' നരേന്ദ്രന്‍ എന്ന വില്ലനിലൂടെയാണ് അരങ്ങേറ്റം. പിന്നീട് ഫാസിലിന്റെ നിരവധി സൂപ്പര്‍ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നായകനായെത്തി. മോഹന്‍ലാലിനെ നായകനാക്കി ഏറ്റവുമധികം ഹിറ്റുകളൊരുക്കിയത് സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു. മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. കഥാപാത്രമായി പെരുമാറുന്നതാണ് ലാലിന്റെ രീതിയെന്നും സംവിധായകന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്യാമറയുടെ പിറകില്‍ നിന്ന് ഒരു പാട് തമാശകള്‍ പറയുകയും ഷോട്ട് റെഡിയെന്ന് പറയുമ്പോള്‍ കൂടുവിട്ട് കൂടു മാറുന്ന പോലെ കഥാപാത്രത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന […]

മഹാനടനെക്കുറിച്ച്...
മലയാള സിനിമക്ക് മോഹന്‍ലാലിനെ സമ്മാനിച്ചത് സംവിധായകന്‍ ഫാസിലാണ്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' നരേന്ദ്രന്‍ എന്ന വില്ലനിലൂടെയാണ് അരങ്ങേറ്റം. പിന്നീട് ഫാസിലിന്റെ നിരവധി സൂപ്പര്‍ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നായകനായെത്തി. മോഹന്‍ലാലിനെ നായകനാക്കി ഏറ്റവുമധികം ഹിറ്റുകളൊരുക്കിയത് സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു. മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. കഥാപാത്രമായി പെരുമാറുന്നതാണ് ലാലിന്റെ രീതിയെന്നും സംവിധായകന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്യാമറയുടെ പിറകില്‍ നിന്ന് ഒരു പാട് തമാശകള്‍ പറയുകയും ഷോട്ട് റെഡിയെന്ന് പറയുമ്പോള്‍ കൂടുവിട്ട് കൂടു മാറുന്ന പോലെ കഥാപാത്രത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന അപൂര്‍വ്വ നടന്‍മാരിലൊരാളാണെന്ന് മോഹന്‍ലാലിനെ വെച്ച് നിരവധി സൂപ്പറുകള്‍ ഒരുക്കിയ സത്യന്‍ അന്തിക്കാട് ഒരു ചാനലില്‍ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ സിനിമയിലെ സംവിധായകര്‍ക്ക്, നിര്‍മ്മാതാക്കള്‍ക്ക്, ലാലിനൊപ്പം അഭിനയിച്ച നടീ നടന്‍മാര്‍ക്ക് സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഈ നടനെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. 1978ല്‍ തിരനോട്ടത്തില്‍ അഭിനയിച്ചെങ്കിലും 1980ല്‍ റിലീസ് ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ അഭിനയത്തിന്റെ ജൈത്രയാത്ര തുടങ്ങി 2023ല്‍ എത്തുമ്പോള്‍ 400 ലധികം സിനിമകള്‍. 13 അന്യഭാഷാ ചിത്രങ്ങള്‍. വാനപ്രസ്ഥം മുതല്‍ നിരവധി സിനിമകളുടെ നിര്‍മ്മാതാവായി. ലോക സുന്ദരി ഐശ്വര്യറായിയുടെ ആദ്യ നായകനായിരുന്നു മോഹന്‍ലാല്‍. മണിരത്‌നത്തിന്റെ 'ഇരുവര്‍'എന്ന ചിത്രത്തിലാണ് ഇവര്‍ നായികാനായകന്‍മാരായത്. ലാലിന്റെ അഭിനയം കണ്ട് പലപ്പോഴും കട്ട് പറയാന്‍ പോലും മറന്ന് പോയിട്ടുണ്ടെന്ന് മണിരത്‌നം പറഞ്ഞിട്ടുള്ളത്. പ്രശസ്ത ടൈം മാസിക മോഹന്‍ലാലിനെ വിഖ്യാത നടന്‍ മര്‍ലന്‍ ബ്രാന്റോയുമായാണ് താരതമ്യപ്പെടുത്തിയത്. മലയാളത്തിലെ മെഗാ താരമായ മമ്മൂട്ടിക്കൊപ്പം 55 സിനിമകളില്‍ ഒന്നിച്ചു. ചരിത്രം സൃഷ്ടിച്ച ചിത്രങ്ങളാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയത്. 150 കോടി ക്ലബില്‍ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായിരുന്നു മോഹന്‍ലാലിന്റെ 'പുലിമുരുകന്‍'. 2016ലാണ് റിലീസ് ചെയ്തത്.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകന്‍' എന്ന ബ്ലോക്ക് ബെസ്റ്റര്‍ സിനിമയാണ് മോഹന്‍ലാലിന് സൂപ്പര്‍ സ്റ്റാര്‍ പദവി നേടി കൊടുത്തത്. അതിലേ മൈ നമ്പര്‍ ഈസ് 2255 എന്ന ഡയലോഗ് ഇന്നും ആരാധകരുടെ ചുണ്ടിലുണ്ട്. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച അഭിനേതാവ് എന്ന റെക്കാഡും മോഹന്‍ലാലിന് സ്വന്തമാണ്. ഹിറ്റുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ ഒന്നാമനാണ് മോഹന്‍ലാല്‍. നിരവധി ഹിറ്റ് നായികമാരുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ദുബായിലെ ബുര്‍ജ് ഖലീഫ. അവിടെ ഒരു ഫ്‌ളാറ്റ് വാങ്ങുകയെന്ന് ഏതൊരു കോടീശ്വരന്റെയും സ്വപ്‌നമാണ്. മോഹന്‍ലാലിന് അവിടെ ഒരു ഫ്‌ളാറ്റുണ്ട്. 29-ാം നിലയില്‍ 940 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ്. ഭാര്യ സുചിത്രയുടെ പേരിലാണ് മോഹന്‍ലാല്‍ ഇത് സ്വന്തമാക്കിയത്. അവധിക്കാലം ആഘോഷിക്കാന്‍ മോഹന്‍ലാല്‍ യു.എ.ഇ.യില്‍ എത്തുമ്പോള്‍ ഇവിടെയാണ് താമസിക്കുന്നത്. 2.8 ദശലക്ഷം ദിര്‍ഹമാണ് വില. യു.എ.ഇ ഡ്രൈവിങ്ങ് 1983ലാണ് ലാല്‍ സ്വന്തമാക്കിയത്. സമൂഹ മാധ്യമമായ ടിറ്ററില്‍ 60 ലക്ഷത്തിലധികം ആരാധകരാണ് മോഹന്‍ലാലിനുള്ളത്. മലയാളത്തില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടും ഈ നടന്റെതാണ്. ഇനിയുമേറെയുണ്ട് ഇന്ത്യന്‍ സിനിമയിലെ മഹാനടനെ പറ്റി പറയാന്‍. ആരാധകര്‍ ഇത്രയും സ്‌നേഹിക്കുന്ന ഒരു നടന്‍ മലയാള സിനിമയില്‍ ഇല്ലെന്ന് തന്നെ പറയാം.


-ഷാഫി തെരുവത്ത്

Related Articles
Next Story
Share it