ലക്നൗ: ഏകദിനത്തില്‍ 7000 റണ്‍സ് നേടുന്ന ആദ്യ വനിതാ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ലക്നൗവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന നാലാം ഏകദിനത്തിലാണ് മിതാലി രാജ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം മത്സരത്തില്‍ 71 പന്തില്‍ നിന്ന് നാല് ബൗണ്ടറി സഹിതം 45 റണ്‍സാണ് മിതാലി നേടിയത്. 213 മത്സരങ്ങളില്‍ നിന്നാണ് മിതാലി 7019 റണ്‍സ് നേടിയത്.
ഇംഗ്ലണ്ട് താരം ചാര്‍ലറ്റ് എഡ്വാര്‍ഡ്സാണ് രണ്ടാം സ്ഥാനത്തുള്ളത്. 191 മത്സരങ്ങളില്‍ നിന്നും 5992 റണ്‍സാണ് എഡ്വാര്‍ഡ്സിന്റെ സമ്പാദ്യം. 118 മത്സരങ്ങളില്‍ നിന്നും 4844 റണ്‍സുമായി ഓസ്ട്രേലിയയുടെ ബി ജെ ക്ലര്‍ക്ക് മൂന്നാം സ്ഥാനത്തുണ്ട്. ഈ പരമ്പരയിലെ മൂന്നാം ഏകദിനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ വനിതാ താരമെന്ന റെക്കോര്‍ഡ് മിതാലി സ്വന്തം പേരിലാക്കിയിരുന്നു. മൂന്ന് ഫോര്‍മാറ്റിലുമായി 311 മത്സരങ്ങളില്‍ നിന്നാണ് മിതാലി ചരിത്രം സൃഷ്ടിച്ചത്. നിലവില്‍ 75 അര്‍ദ്ധസെഞ്ചുറിയും എട്ട് സെഞ്ചുറികളും മിതാലിയുടെ പേരിലുണ്ട്.
1999 ജൂണില്‍ അയര്‍ലണ്ടിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്ന് വന്നത്. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ താരങ്ങളിലൊരാളായ മിതാലി 213 ഏകദിന മത്സരങ്ങളും, 89 ട്വന്റി 20 മത്സരങ്ങളും, 10 ടെസ്റ്റ് മത്സരങ്ങളും ഇതിനോടകം ഇന്ത്യന്‍ ജഴ്സയില്‍ പൂര്‍ത്തിയാക്കി. ട്വന്റി20 യില്‍ 2364 റണ്‍സും ടെസ്റ്റ് ക്രിക്കറ്റില്‍ 663 റണ്‍സും മിതാലി നേടിയിട്ടുണ്ട്.
ഇന്ത്യക്കായി നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് താരം കളിക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ രണ്ടു വട്ടം ലോകകപ്പ് ഫൈനലില്‍ എത്തിക്കാനും മിതാലിക്ക് സാധിച്ചിട്ടുണ്ട്.