കാഞ്ഞങ്ങാട്: പുഴയോരത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും കുപ്പികളും ശേഖരിച്ച് മാരിമുത്തു പരിസ്ഥിതിയെ സംരക്ഷിക്കുമ്പോള്‍ ഈ സേവനം ഉപജീവനത്തിനുള്ള മാര്‍ഗവുമാകുന്നു. ചിത്താരി പുഴയോരം മുതല്‍ അജാനൂര്‍ അഴിമുഖം വരെ മാരിമുത്തു നടന്നു നീങ്ങുന്ന കാഴ്ച പതിവാണ്. പുഴയില്‍ നിന്നും കടലിലേക്കൊഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് സാധനങ്ങളും കുപ്പി കളും കടല്‍ തിരികെ കരയിലെത്തിക്കുമ്പോള്‍ മാരിമുത്തു ഇവ ശേഖരിക്കുകയാണ്. തമിഴ്‌നാട് കിളിയുര്‍ സ്വദേശിയായ മാരിമുത്തു നാല് പതിറ്റാണ്ടു കാലമായി ഈ ജോലിയിലാണ്. തീരം കാണാനെത്തുന്ന സഞ്ചാരികള്‍ അലക്ഷ്യമായെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളുമാണ് ശേഖരിക്കുന്നത്. ചിത്താരി പുഴയോരങ്ങളില്‍ നിന്നും ശേഖരിച്ച ശേഷം പുഴയും അഴിമുഖവും മുറിച്ചു കടന്നാണ് അജാനൂര്‍ തിരത്തേക്ക് എത്തുന്നത്. രണ്ടു കിലോമീറ്ററോളമാണ് നടക്കുന്നത്. ഇടവിട്ട ദിവസങ്ങളിലെത്തി രാവിലെ മുതല്‍ ഉച്ചവരെ ശേഖരിക്കുന്ന സാധനങ്ങള്‍ ചാക്കില്‍ സൂക്ഷിച്ചു വച്ച ശേഷം പിന്നീടൊരിക്കല്‍ വില്‍ക്കാനായി കൊണ്ടുപോകും. പത്തു വയസു മുതല്‍ ഈ തൊഴില്‍ ചെയ്താണ് ജീവിക്കുന്നത്. പ്രായം അമ്പതു പിന്നിട്ട മാരിമുത്തു കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനു സമീപത്തെ വാടക വീട്ടിലാണ് താമസം. ഭാര്യയും മക്കളും നാട്ടിലാണ്.