കോഴിയങ്കത്തിനെതിരെ നടപടി ശക്തമാക്കി പൊലീസ്; കര്‍ണ്ണാടക സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കോഴിയങ്ക സംഘത്തെ കെട്ടുകെട്ടിക്കാന്‍ പൊലീസ് നടപടി ശക്തമാക്കി. കര്‍ണാടക സ്വദേശികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഒരു കോഴിയെയും 3220 രൂപയും കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം പൊലീസ് ഇന്നലെ രാത്രി സുള്ളിമേ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കോഴിക്കെട്ടിലേര്‍പ്പെട്ട കര്‍ണ്ണാടക തലപ്പാടി കോട്ടക്കാവ് കുംപ്ലയിലെ മല്ലികാര്‍ജുന(65), തെക്കോട്ട് കുക്കാറിലെ നാഗേഷ് (45), വൊര്‍ക്കാടിയിലെ ജനാര്‍ദ്ദന പൂജാരി (67) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി സുള്ളിമേ എന്ന സ്ഥലത്തുള്ള കള്ള് ഷാപ്പിന് സമീപത്ത് കുന്നിന് മുകളില്‍ വെച്ച് കോഴിയങ്കം നടക്കുന്നതിനിടെ പൊലീസിനെ കണ്ടയുടനെ സംഘം ചിതറി ഓടി രക്ഷപ്പെടുന്നതിനിടെ മൂന്നുപേരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് 3220 രൂപയും ഒരു കോഴിയെയും കസ്റ്റഡിയിലെടുത്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കോഴിയങ്കം വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ കര്‍ശനനടപടി. ഒരു മാസത്തിനിടെ പൊലീസ് നടത്തിയ പരിശോധനയില്‍ 50ല്‍പരം കോഴികളെയും ലക്ഷക്കണക്കിന് രൂപയുമാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത നിരവധി പേര്‍ക്ക് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കോഴിയങ്കം നടക്കുന്ന സ്ഥലത്ത് ഏറ്റുമുട്ടുന്ന കോഴികളെ കാണിച്ച് നിരവധി പേര്‍ പന്തയം വെക്കുന്നു. ഇതിന് സമീപത്തായി ചീട്ടുകളി നടക്കുന്നുണ്ട്.

