INVESTIGATION | മുൽക്കി മുഹമ്മദ് ഷെരീഫ് വധം: രണ്ട് പ്രതികൾ കസ്റ്റഡിയിൽ

അന്വേഷണം അവസാന ഘട്ടത്തിലേക്ക്; അറസ്റ്റ് വൈകിട്ടോടെ

മഞ്ചേശ്വരം: കര്‍ണ്ണാടക മുല്‍ക്കി സ്വദേശി മുഹമ്മദ് ഷെരീഫ് കൊലപാതകക്കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. അറസ്റ്റ് വൈകിട്ടോടെയുണ്ടാകുമെന്നറിയുന്നു. പ്രതികൾ കർണാടക സ്വദേശികളാണെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന. കർണാടക മുൽക്കി സ്വദേശിയും മംഗ്ലൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം മഞ്ചേശ്വരം കുഞ്ചുത്തൂർ അടക്കം പള്ളം എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ കിണറിലാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ‍ കണ്ടെത്തിയത്. മഞ്ചേശ്വരം പോലീസിന്റെ പരിശോധനയിൽ വെട്ടിക്കൊന്ന് കിണറിൽ തള്ളിയതെന്ന് കണ്ടെത്തിയിരുന്നു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിന്റെ മുൻ വശത്തും പിൻവശത്തും വെട്ടേറ്റതായി കണ്ടെത്തിയിരുന്നു. തലപ്പാടിയിലെ ഒരു സി.സി.ടി.വി. ക്യാമറയിൽ ബുധനാഴ്ച രാത്രി 12 മണിയോടെ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ മഞ്ചേശ്വരം ഭാഗത്തേക്ക് കടന്നു പോകുന്നതായി കണ്ടത്തി.

ഷെരീഫ് പതിവുപോലെ ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയുമായി പുറപ്പെട്ടതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് മുല്‍ക്കി പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണും പ്രവര്‍ത്തനരഹിതമായിരുന്നു.

പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ഷെരീഫിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ഷെരീഫിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Related Articles
Next Story
Share it