മംഗളൂരു: ലഷ്കര്‍ ഇ ത്വയ്ബ പ്രചരണ ചുവരെഴുത്ത് നടത്തിയ സംഭവത്തില്‍ മംഗളൂരുവില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് വിദേശത്തുനിന്ന് നിര്‍ദേശം ലഭിച്ചിരുന്നതായി പോലീസ്. കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ദിവസമാണ് പ്രധാന പ്രതിയായ ശിവമോഗ തീര്‍ത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക്കും കൂട്ടാളി മുനീര്‍ അഹമ്മദും പോലീസ് പിടിയിലായത്.
വിദേശത്തുള്ള ഒരാള്‍ ഇവര്‍ക്ക് നിരന്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് കോളിലൂടെ ഷാരിക്കുമായാണ് ഇയാള്‍ ബന്ധപ്പെട്ടിരുന്നത്. കര്‍ണാടകയില്‍ ലഷ്കര്‍ ഇ ത്വയ്ബ ആശയം പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ പ്രതികളെ ഉപയോഗിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന് വേണ്ടി ഷാരിക്ക് യൂ ട്യൂബിലും ഇന്റര്‍നെറ്റിലുമെല്ലാം തിരഞ്ഞ് കൂടുതല്‍ അറിയുകയും ചുവര് ചിത്രങ്ങളിലൂടെ ലഷ്കര്‍ ആശയം പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് കണ്ടെത്തല്‍.
പ്രതികളും നിര്‍ദേശം നല്‍കിയയാളും ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തീര്‍ത്ഥഹള്ളിയില്‍ നിന്നുള്ള സാദാത്ത് എന്ന മറ്റൊരാളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ പ്രതികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രവര്‍ത്തനങ്ങള്‍ക്കായി ഷരിക്കിന് ഫണ്ട് സ്വരൂപിച്ചത് സാദാത്ത് ആണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
മുഹമ്മദ് ഷാരിക് തീര്‍ത്ഥഹള്ളിയിലും മുനീര്‍ അഹമ്മദ് നഗരത്തിലുമാണ് താമസിച്ചിരുന്നത്. പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനുള്ള ഉത്തരവാദിത്തമായിരുന്നു ഷാരിക്ക് മുനീറിന് നല്‍കിയിരുന്നത്. കോടതി സമുച്ചയത്തിനടുത്തുള്ള ചുവരിലാണ് ഇവര്‍ ആദ്യം ലഷ്കര്‍ അനുകൂല പ്രചരണം നടത്തിയത്. ഇത് ശ്രദ്ധ നേടാത്തതിനെ തുടര്‍ന്നാണ് മറ്റു സ്ഥലങ്ങളിലും ആവര്‍ത്തിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ സംസ്ഥാന വ്യാപകമായി വാര്‍ത്തയാകുകയും പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്.
Mangaluru: Anti-national graffiti – Accused received directions from abroad