കൊട്ടേക്കര്‍ ബാങ്ക് കവര്‍ച്ച; മുഖ്യ ആസൂത്രകര്‍ പിടിയില്‍

മംഗളൂരു; നാടിനെ ഞെട്ടിച്ച ഉള്ളാളിലെ കൊട്ടേക്കര്‍ വ്യവസായ സഹകാരി സംഘ് ബാങ്കില്‍ നടന്ന കവര്‍ച്ച കേസില്‍ മുഖ്യ ആസൂത്രകരായ രണ്ട് പേര്‍ പിടിയില്‍. ദക്ഷിണ കന്നഡ ജില്ലയിലെ കന്യാന സ്വദേശി ഭാസ്‌കര്ഡ ബെല്‍ച്ചപ്പദ(69), കെസി റോഡ് തലപ്പാടി സ്വദേശി മുഹമ്മദ് നസീര്‍ (65) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാസ്‌കര്‍ ബെല്‍ച്ചപ്പദ 20 വര്‍ഷം മുമ്പ് കന്യാന വിട്ട് മുംബൈയിലാണ് താമസമെന്നും കഴിഞ്ഞ ഏഴ് വര്‍ഷമായി ഇരുവരും പരിചയത്തിലാണെന്നും ആറ് മാസമായി കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് കമ്മീഷ്ണര്‍ അനുപം അഖര്‍വാള്‍ പറഞ്ഞു.ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ബെല്‍ച്ചപാദയെ കസ്റ്റഡിയിലെടുത്തത്.
ബെല്‍ച്ചപാദയും നസീറും ചേര്‍ന്നാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മറ്റ് പ്രതികള്‍ക്ക് ബാങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. സമയവും തീയതിയും ഇരുവരും നിശ്ചയിച്ചതിന് ശേഷം രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തു.
രാജ്യത്ത് വിവിധ ഇടങ്ങളിലായി ബെല്‍ച്ചപാദ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി പൊലീസിന് മനസിലായി. കവര്‍ച്ചാകേസില്‍ മുംബൈയില്‍ 2021ല്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മംഗളൂരു സിറ്റി പൊലീസ് പരിധിയിലും 2022ല്‍ ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 17ന് ആണ് ഉള്ളാളിലെ കൊട്ടേക്കര്‍ ബാങ്ക് ശാഖയില്‍ നിന്ന് മുഖംമൂടി സംഘം18.6 കിലോ സ്വര്‍ണവും 11.67 ലക്ഷം രൂപയും കൊള്ളയടിച്ചത്. ഇവരില്‍ നിന്ന് 18.31 കിലോ സ്വര്‍ണവും 3.8 ലക്ഷം രൂപയും രണ്ട് പിസ്റ്റളുകളും രണ്ട് വടിവാളുകളും ഒരു കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.