തിരുവനന്തപുരം: ഒരു വര്‍ഷത്തിന് ശേഷം വെള്ളിത്തിര ഉണരുന്നു. സംസ്ഥാനത്ത് സെക്കന്‍ഡ് ഷോ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്കി. കോവിഡ് സാഹചര്യത്തില്‍ ഏറെ കാലം പൂട്ടിയിട്ട തീയറ്ററുകള്‍ നേരത്തെ ഭാഗികമായി തുറന്നുനല്‍കിയെങ്കിലും സെക്കന്‍ഡ് ഷോ ഉണ്ടായിരുന്നില്ല. തീയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചു.
ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കി സമയം പുനഃക്രമീകരിച്ചു. തീയേറ്റര്‍ ഉടമകളുടെ നിവേദനത്തെ തുടര്‍ന്നാണ് തീരുമാനം. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
സെക്കന്‍ഡ് ഷോയ്ക്ക് അനുമതി ലഭിച്ചതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തുമെന്നുറപ്പായി. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ നിരവധി സിനിമകളുടെ റിലീസുകള്‍ കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.