മുംബൈ: വാഹന പ്രേമികള്‍ മാസങ്ങളായി കാത്തിരുന്ന മഹീന്ദ്ര എക്സ് യുവി 700 ന്റെ ബുക്കിംഗ് ഒക്ടോബര്‍ 7ന് രാവിലെ 10 മണിക്കാരംഭിച്ച് ആദ്യ ബാച്ചിലെ 25,000 യൂണിറ്റുകളും വെറും 57 മിനിറ്റിനുള്ളില്‍ വിറ്റുതീര്‍ന്ന റെക്കോര്‍ഡിന് പിന്നാലെ രണ്ടാം ബാച്ചിലെ 25000 ബുക്കിംഗ് 2 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ വാഹനവിപണിയിലെ പുതിയ തരംഗമായി. ബുക്കിംഗ് വിന്‍ഡോയുടെ 3 മണിക്കൂറിനുള്ളില്‍ 50000 കാറുകളുടെ ബുക്കിംഗിലൂടെ 9,500 കോടി രൂപയുടെ വില്പനയാണ് മഹീന്ദ്ര കൈപ്പിടിയിലൊതുക്കിയത്. ഇന്ത്യന്‍ ഓട്ടോ ഇന്‍ഡസ്ട്രിയില്‍ ഒരു എസ്യുവിക്ക് അത്തരമൊരു സ്വീകാര്യത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.
ആദ്യ 50000 കാറുകള്‍ക്ക് മാത്രമേ മഹീന്ദ്ര ലോഞ്ചിംഗ് നിരക്ക് ലഭിക്കുകയുള്ളൂ. ഇനി മുതല്‍ എല്ലാ ഉപഭോക്താക്കളും ഡെലിവറി സമയത്ത് ബാധകമായ വില നല്‍കണം.
അതില്‍ തന്നെ ആദ്യ 25000 ബുക്കിംഗിനേക്കാള്‍ കൂടുതലായിരുന്നു രണ്ടാം ബാച്ചിന്റെ വില. ഏതാണ്ട് അരലക്ഷത്തോളം രൂപയാണ് രണ്ടാം ദിവസത്തെ ബുക്കിംഗിന് വര്‍ധിച്ചത്.
ബുക്കിംഗിന്റെ ആദ്യ ദിവസം മഹീന്ദ്ര XUV700 ആരംഭ വിലയായ 11.99 ലക്ഷം രൂപ മുതലാണ് വിറ്റത്. ഉടന്‍ തന്നെ കമ്പനി വില പുതുക്കിയിരുന്നു. ബുക്കിംഗിന്റെ രണ്ടാം ദിവസം 12.49 ലക്ഷം രൂപയായിരുന്നു എസ്യുവിയുടെ പ്രാഥമിക മോഡലുകളുടെ വില.
മഹീന്ദ്ര XUV700 5 സീറ്റര്‍, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ വരുന്നു. ഡീസല്‍, പെട്രോള്‍ പവര്‍ട്രെയിനിന്റെ ഓപ്ഷനും കമ്പനി നല്കുന്നു. എസ്യുവിയോടൊപ്പം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. ഓഫ്-റോഡ് പ്രേമികള്‍ക്കായി മഹീന്ദ്ര ഓള് വീല്‍ ഡ്രൈവ് (AWD) അവതരിപ്പിച്ചിട്ടുണ്ട്.
എതിരാളികളായ എസ്യുവികളില് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ എക്സ്യുവി700ന്റെ പെട്രോള്‍,ഡീസല്‍ മോഡലുകള്‍ കൂടുതല്‍ ശക്തമാണ്.