തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ലോകായുക്തയ്ക്കെതിരായ വിമര്‍ശനം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തലെങ്കിലും വിമര്‍ശനത്തെ പൂര്‍ണമായും പാര്‍ട്ടി തള്ളിക്കളയില്ല. നിയമ ഭേദഗതിയിലേക്ക് വഴിവെച്ചത് വ്യക്തിപരമായ കാര്യങ്ങളല്ലെന്നും നിയമത്തിലെ പഴുതുകളാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ലോകായുക്തയ്ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് കെ.ടി ജലീല്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇന്നും അദ്ദേഹം പുതിയ പോസ്റ്റുമായി സിറിയക് ജോസഫിനെതിരെ രംഗത്ത് വന്നു. എന്നാല്‍ രാഷ്ട്രീയമായി ഇതിനെ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ പ്രതികരണത്തിന് സംസ്ഥാന സെക്രട്ടറിയടക്കം നേതാക്കള്‍ തയ്യാറായില്ല. നിയമഭേദഗതിക്ക് കാരണം ജലീലിന്റേയോ മറ്റാരുടെയെങ്കിലുമോ വ്യക്തിപരമായ അനുഭവങ്ങളല്ലെന്ന് കോടിയേരി വ്യക്തമാക്കി.
ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14ല്‍ ചില പഴുതുകളുണ്ടെന്നും ഇത് മൂലമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും കോടിയേരി വിശദീകരിച്ചു.