കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
വീട്ടില്‍ നടത്തിയ പരിശോധനയിലും അലമാര വലിപ്പുകളില്‍ ക്രിസ്റ്റല്‍ രൂപത്തില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്തു

ചട്ടഞ്ചാല്‍: കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ എം.ഡി.എം.എയുമായി പിടിയിലായ യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലും എം.ഡി.എം.എ കണ്ടെടുത്തതായി പൊലീസ്. കളനാട്ടെ പി.എ ആഷിഖിന്റെ(27) വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 0.640 മില്ലിഗ്രാം എം.ഡി.എം.എ പിടികൂടിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഉദുമ റെയില്‍വെ ഗേറ്റിന് സമീപം ബേക്കല്‍ എസ്.ഐ എം.സവ്യസാചിയുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ആഷിഖിനെ എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. ആഷിഖ് കാപ്പിലിലെ ബന്ധുവിന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്നു.
ആഷിഖ് ട്രൗസറിന്റെ പോക്കറ്റിലുണ്ടായിരുന്ന സിഗറ്റ് പായ്ക്കറ്റിനുള്ളില്‍ സൂക്ഷിച്ച 0.730 മില്ലിഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. മഞ്ചേശ്വരം ഭാഗത്തുനിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ആഷിഖ് ബേക്കല്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ആഷിഖ് എം.ഡി.എം.എ വില്‍പ്പന നടത്തുന്ന ആളാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയിലുള്ള അലമാര വലിപ്പുകളില്‍ ക്രിസ്റ്റല്‍ രൂപത്തില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ ആണ് പിടികൂടിയത്. ഒരു ഡിജിറ്റല്‍ വേയിങ്ങ് മെഷീനും നാല് ബാങ്ക് പാസ് ബുക്കുകളും ഇവിടെ നിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.