6.024 ഗ്രാം മെത്താഫിറ്റമിന്‍ മയക്കുമരുന്നുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

നെല്ലിക്കട്ട: മാരക മയക്കുമരുന്നായ 6.024ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. നെല്ലിക്കട്ടയിലെ വാടക ക്വാട്ടേഴ്‌സിലെ താമസക്കാരനായ മുഹമ്മദ് ഹനീഫ(38)യാണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മാത്യു കെ.ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജനാര്‍ദ്ദനന്‍ പി.പിയുടെ സാന്നിധ്യത്തില്‍ മുഹമ്മദ് ഹനീഫയുടെ ദേഹപരിശോധന നടത്തിയതോടെയാണ് ധരിച്ച ട്രാക്ക് സ്യൂട്ടിന്റെ പോക്കറ്റില്‍ നിന്നും പോളിത്തീന്‍ കവറിലാക്കി സൂക്ഷിച്ചുവെച്ച 4.553 ഗ്രാം മെത്താംഫിറ്റമിനും മയക്കുമരുന്നും, വിറ്റ് കിട്ടിയ ഇരുപതിനായിരം രൂപയും മൊബൈല്‍ ഫോണും ആധാര്‍ കാര്‍ഡും അടക്കം കണ്ടുകിട്ടിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ KL14 L 7406 നമ്പര്‍ യമഹ ബൈക്കിന്റെറ സീറ്റിനടിയില്‍ സൂക്ഷിച്ചുവച്ച പോളിത്തീന്‍ കവറില്‍ ഉണ്ടായിരുന്ന 1.47 ഗ്രാം മെത്താംഫിറ്റമിനും കണ്ടെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി ഹനീഫയെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. പിടികൂടിയ സംഘത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മുരളി കെ. വി, സി.കെ.വി.സുരേഷ്, സന്തോഷ് വി.വി, ഗ്രേഡ് പ്രിവന്റിവ് ഓഫീസര്‍മാരായ പ്രജിത്ത് കെ.ആര്‍, നൗഷാദ്.കെ, അജീഷ്. സി, ജിതേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, സിജിന്‍.സി, അതുല്‍ ടി.വി, അഖിലേഷ് എം.എം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി വി.വി, സിവില്‍ എക്‌സൈസ് ഓഫീസ് ഡ്രൈവര്‍ സജീഷ് എന്നിവരും ഉണ്ടായിരുന്നു.