ARRESTED | 'കുടകില്‍ ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കുത്തിക്കൊലപ്പെടുത്തി'; മലയാളി യുവാവ് അറസ്റ്റില്‍

മടിക്കേരി: കുടകില്‍ ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍. കൃത്യത്തിനുശേഷം ഒളിവില്‍പോയ വയനാട് സ്വദേശി ഗിരീഷ്(38) ആണ് അറസ്റ്റിലായത്. ഭാര്യ നാഗി(34), മകള്‍ കാവേരി(അഞ്ച്), ഭാര്യയുടെ മാതാപിതാക്കളായ കരിയന്‍(70), ഗൗരി(65) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുടക് പൊന്നംപേട്ടിലെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം കുടകില്‍ നിന്ന് രക്ഷപ്പെട്ട പ്രതി വയനാട് തലപ്പുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഗിരീഷിനെ വയനാട് പൊലീസ് കര്‍ണ്ണാടക പൊലീസിന് കൈമാറി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
മദ്യലഹരിയില്‍ വീട്ടിലെത്തിയ ഗിരീഷ് വഴക്കിടുകയും കത്തി കൊണ്ട് പിഞ്ചുകുഞ്ഞുള്‍പ്പെടെയുള്ള നാലുപേരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.