യക്ഷഗാനകലാകാരന്‍ ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു; വിടവാങ്ങിയത് നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ കലാകാരന്‍

ബദിയടുക്ക: യക്ഷഗാനകലാകാരന്‍ പെര്‍ള നെല്ലിക്കുഞ്ചയിലെ ഗോപാലകൃഷ്ണക്കുറുപ്പ്(90) അന്തരിച്ചു. നീലേശ്വരം പട്ടേന പാലക്കുഴിയിലെ വസതിയിലായിരുന്നു അന്ത്യം. കര്‍ണ്ണാടക സര്‍ക്കാരിന്റെ രാജ്യപുരസ്‌ക്കാരവും കേരള സര്‍ക്കാരിന്റെ ഗുരുപൂജ പുരസ്‌ക്കാരവും അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു. അറുപതിലധികം വര്‍ഷമായി യക്ഷഗാന രംഗത്ത് പ്രവര്‍ത്തിച്ച് വന്നിരുന്നു. യക്ഷഗാനം പഠിപ്പിക്കുകയും ചെയ്തിരുന്നു. യക്ഷഗാനം സംബന്ധിച്ച് കന്നഡഭാഷയില്‍ മൂന്ന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

യക്ഷഗാനകലാകാരനായിരുന്ന ചന്തുക്കുറുപ്പാണ് പിതാവ്. ചന്തുക്കുറുപ്പില്‍ നിന്നാണ് അദ്ദേഹം യക്ഷഗാനത്തില്‍ പരിശീലനം നേടിയത്. 1935 ഡിസംബര്‍ അഞ്ചിന് പെര്‍ള നെല്ലിക്കുഞ്ചയിലാണ് ജനനം. 1958 മുതല്‍ കര്‍ണ്ണാടകയിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ ശിശില എന്ന സ്ഥലത്ത് താമസിച്ചു. പിന്നീട് നീലേശ്വരം പട്ടേനയിലേക്ക് താമസം മാറ്റുകയായിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും പരിപാടി അവതരിപ്പിച്ചിരുന്ന ഗോപാലകൃഷ്ണക്കുറുപ്പ് മൃദംഗം, ചെണ്ട, ബെബ്ബാര്‍ സംഗീതം എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും യക്ഷഗാനരംഗത്തേക്ക് കൊണ്ടുവരാനും മുന്‍കൈയെടുത്തിരുന്നു.

ബംഗളൂരു ജ്ഞാനപഥ അവാര്‍ഡ്, മൂഡുബദ്ര അവാര്‍ഡ്, യക്ഷഗാനകലാരംഗ ഉഡുപ്പി അവാര്‍ഡ്, ഷേണി അക്കാദമി പുരസ്‌ക്കാരം, രാമചന്ദ്രപുര സ്വാമി ഹൊസനഗരം പുരസ്‌കാരം, ബെല്‍ത്തങ്ങാടി പ്രഥമ സാഹിത്യ അവാര്‍ഡ്, എടനീര്‍മഠ സമ്മാനം, വിശ്വവിദ്യാലയ അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

ഭാര്യ: ശ്രീദേവി(നീലേശ്വരം പട്ടേന). മക്കള്‍ : ജയന്തി(അംഗണ്‍വാടി സൂപ്പര്‍ വൈസര്‍), അനിത, സുബ്രഹ്‌മണ്യന്‍. മരുമക്കള്‍ : വിജയന്‍(പാലക്കുഴി), സുരേന്ദ്രന്‍(കൊടക്കാട്), ധന്യ(തൃത്താല).

Related Articles
Next Story
Share it