WAQF | പ്രതിപക്ഷ ബഹളത്തിനിടെ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി
പറയാനുള്ളതെല്ലാം ഇംഗ്ലീഷിലും മലയാളത്തിലും അറിയിച്ച ജോണ്‍ ബ്രിട്ടാസ് എംപി 'സ്മാര്‍ട്ടാണെന്ന്' ജെപി നദ്ദ

ന്യൂഡല്‍ഹി: ലോക് സഭയ്ക്ക് പിന്നാലെ പ്രതിപക്ഷ ബഹളത്തിനിടെ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി.128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ 95 പേര്‍ എതിര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ലോക് സഭ പാസാക്കിയ ബില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം തന്നെ രാജ്യസഭയിലും അവതരിപ്പിക്കുകയായിരുന്നു.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് വിട്ടിരുന്നു. ജെപിസിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ച ബില്‍ ആണ് ലോക്‌സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്.
12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബില്‍ നിയമമാകാന്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് ശേഷിക്കുന്നത്.
ബില്ലിലെ വ്യവസ്ഥകളില്‍ കേരള എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ.എ.റഹീം, വി. ശിവദാസന്‍, ഹാരിസ് ബീരാന്‍, അബ്ദുല്‍ വഹാബ്, പി.സന്തോഷ് കുമാര്‍, പി.പി. സുനീര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. വഖഫ് ബോര്‍ഡില്‍ മുസ്ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിര്‍ദേശിച്ച ഭേദഗതിയും വോട്ടിനിട്ടു തള്ളി.
എന്‍ഡിഎയിലും ഇന്ത്യാ സഖ്യത്തിലുമില്ലാത്ത കക്ഷികളുടെ നിലപാടു സംബന്ധിച്ചാണ് രാജ്യസഭയില്‍ ആകാംക്ഷ ഉയര്‍ന്നത്. എന്നാല്‍, അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ല. ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്നലെ രാവിലെ പ്രഖ്യാപിച്ച ബിജെഡി വൈകിട്ടോടെ മനസ്സാക്ഷി വോട്ടിന് അംഗങ്ങളോട് നിര്‍ദേശിച്ചു. ലോക് സഭയില്‍ സാന്നിധ്യമില്ലാത്ത ബിജെഡിക്ക് രാജ്യസഭയില്‍ 7 എംപിമാരുണ്ട്. 7 അംഗങ്ങളുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസും 4 വീതം അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും ബി.ആര്‍.എസും ബില്ലിനെ എതിര്‍ത്തു.
വഖഫ് ട്രൈബ്യൂണല്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന വ്യവസ്ഥയെ പിന്തുണച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി പക്ഷേ, ബില്ലിനെ പൊതുവില്‍ എതിര്‍ത്തു. വഖഫ് കൗണ്‍സിലിലും ബോര്‍ഡിലും അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥയോടായിരുന്നു കൂടുതല്‍ എതിര്‍പ്പ്. ബില്ലിനു മുന്‍കാല പ്രാബല്യമില്ലെന്ന് സമ്മതിക്കുന്ന സര്‍ക്കാര്‍, ഇതു മുനമ്പത്തെ പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം നല്‍കുമോയെന്ന് സഭയില്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ വഖഫ് ബില്ലില്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ മറുപടി നല്‍കി. പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും എല്ലാ ജനാധിപത്യ നടപടികളും പാലിച്ചാണ് ബില്‍ കൊണ്ടുവന്നതെന്നും നദ്ദ പറഞ്ഞു.
മോദി സര്‍ക്കാര്‍ ജനാധിപത്യ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ബില്ലിനെ കുറച്ച് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജമാണെന്നും ബില്ലിനെതിരെ കാര്യമായി ഒന്നും പ്രതിപക്ഷത്തിന് പറയാനില്ലെന്നും കെ പി നദ്ദ രാജ്യസഭയില്‍ പറഞ്ഞു.
വിശാലമായി ചര്‍ച്ചകളും കൂടിയാലോചനകളും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. വിഷയങ്ങളില്‍ നിന്ന് പ്രതിപക്ഷം തെന്നി മാറുകയാണെന്നും ഈ ബില്ലില്‍ കേരളത്തിലെ സിനിമവരെ പ്രതിപക്ഷം ചര്‍ച്ചയാക്കുന്നുവെന്നും നദ്ദ വിമര്‍ശിച്ചു. സഭയില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയ സിപിഎം എംപി ജോണ്‍ ബ്രിട്ടാസിനെതിരെയും നദ്ദ സംസാരിച്ചു.
ബ്രിട്ടാസ് സ്മാര്‍ട്ടാണ്, ബില്ലില്‍ പറയാനുള്ളത് എല്ലാം ഇംഗ്ലീഷില്‍ പറഞ്ഞു. ആവശ്യമില്ലാത്തത് മലയാളത്തില്‍ പറഞ്ഞു. നിങ്ങള്‍ സ്മാര്‍ട്ടാണെന്ന് അറിയാമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. ഇതോടെ പ്രതിപക്ഷ സഭയില്‍ ബഹളം വച്ചു. എന്നാല്‍ ബഹളം വേണ്ട, ഇത് അഭിനന്ദനം ആണെന്നായിരുന്നു രാജ്യസഭ അധ്യക്ഷന്റെ പ്രതികരണം.
14 മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.56നാണ് ബില്‍ ലോക് സഭ പാസാക്കിയത്. ഹാജരായിരുന്ന 520 അംഗങ്ങളില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി ഒഴികെ 18 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
പ്രിയങ്ക ഗാന്ധി വിദേശത്തായിരുന്നതിനാല്‍ ഹാജരായില്ല. വഖഫ് കൗണ്‍സില്‍ ഘടന സംബന്ധിച്ച എന്‍.കെ.പ്രേമചന്ദ്രന്റെ ഭേദഗതിനിര്‍ദേശം തള്ളി (231- 288). എന്‍ഡിഎയ്ക്ക് 293 അംഗങ്ങളും ഇന്ത്യാസഖ്യത്തിന് 3 സ്വതന്ത്രരടക്കം 236 അംഗങ്ങളുമാണ് ലോക്‌സഭയിലുള്ളത്.
ബില്‍ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാര്‍ ആഹ്ലാദപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും സമരക്കാര്‍ ജയ് വിളിച്ചു.