CASE FIELD | യുവതിയെ അക്രമിച്ച് സ്വര്‍ണമാല തട്ടിയെടുക്കുകയും വീടിന്റെ ഒരുഭാഗം പൊളിച്ചുനീക്കുകയും ചെയ്തു; 15 പേര്‍ക്കെതിരെ കേസ്

ബദിയടുക്ക: യുവതിയെ വീടുകയറി അക്രമിച്ച് സ്വര്‍ണമാല തട്ടിയെടുക്കുകയും വീടിന്റെ ഒരുഭാഗം പൊളിച്ചുനീക്കുകയും ചെയ്തുവെന്ന പരാതിയില്‍ 15 പേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് കേസെടുത്തു.
അഡ്യനടുക്ക മുളിയാല ദേനുഗുരിയിലെ വിജയലക്ഷ്മി(30)യുടെ പരാതിയില്‍ മുളിയാലയിലെ സുരേഷ് ഷെട്ടി(60), നാരായണ നായക്(55), ചിന്ന നായിക്(60), ഗണേശ്(38), ജയരാമ, പെര്‍ള ബാക്കില പദവിലെ സൂരജ്, മുളിയാറിലെ നവീന്‍, മുളിയാലയിലെ ശ്രീരാമ, മുളിയാലയിലെ ജയാനന്ദ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ആറുപേര്‍ക്കുമെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ പ്രതികള്‍ അതിക്രമിച്ച് കയറി വിജയലക്ഷ്മിയെയും ഭര്‍ത്താവ് രാമചന്ദ്രനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിജയലക്ഷ്മിയുടെ കഴുത്തിന് പിടിച്ച് മാനഹാനി വരുത്തുകയും സ്വര്‍ണമാല തട്ടിയെടുക്കുകയും വീടിന്റെ ഒരു ഭാഗം പൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തു എന്നാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കോടതി കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.