ARRESTED | കാഞ്ഞങ്ങാട്ട് 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട് സ്വദേശിയായ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍

കാഞ്ഞങ്ങാട്: 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട് സ്വദേശിയായ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് മഡിയനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ കാസര്‍കോട് തളങ്കര സ്വദേശി കെ.എം. ജാബിറി(40)നെയാണ് ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് പൊലീസ് സംഘം മഡിയനിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പരിശോധനക്കെത്തിയത്. ഈ സമയം കടയുടമ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇപ്പോള്‍ കൊണ്ടുവരേണ്ടെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. ഇതിനിടെ കടയിലെത്തിയ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരേണ്ടെന്നാണ് ജാബിര്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് വെളിപ്പെടുത്തി.

തുടര്‍ന്ന് ജാബിറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മഡിയന്‍ കൂലോത്തിന് സമീപത്തെ ക്വാര്‍ട്ടേഴ് സില്‍ കട്ടിലിനടിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതായി വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ 98 വലിയ പാക്കറ്റുകളിലായി സൂക്ഷിച്ച 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

Related Articles
Next Story
Share it