FOUND GUILTY | അച്ഛനെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ കുറ്റക്കാരന്‍

കാസര്‍കോട്: അച്ഛനെ വിറകുകഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മാലോം അതിരുമാവ് കോളനിയിലെ പാപ്പിനി വീട്ടില്‍ ദാമോദരനെ(62) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ അനീഷ്(36) കുറ്റക്കാരനാണെന്നാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ മനോജ് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.
ദാമോദരന്റെ ഭാര്യ രാധാമണി, മക്കളായ സനീഷ്, ദിവ്യ എന്നിവരും അയല്‍വാസികളും അടക്കമുള്ള സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. എന്നാല്‍ ദാമോദരന്റെ ഭാര്യയും മക്കളും അയല്‍വാസികളും വിചാരണവേളയില്‍ മൊഴി മാറ്റിയെങ്കിലും പ്രതി കുറ്റക്കാരന്‍ തന്നെയെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2019 ജൂണ്‍ 28ന് രാത്രി 11.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
സംഭവദിവസം അനീഷ് മദ്യം വാങ്ങി മുള്ളേരിയയിലെ പണിസ്ഥലത്തുനിന്നും വീട്ടിലെത്തുകയും അച്ഛനൊപ്പം മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് വഴക്കുണ്ടായി. ഇതിനിടെ ദാമോദരന്‍ രാധാമണിയെ വാക്കത്തി കൊണ്ട് വെട്ടാന്‍ ശ്രമിച്ചു. തടഞ്ഞപ്പോള്‍ അനീഷിന്റെ കൈക്ക് പരിക്കേറ്റു. ഇതോടെ പ്രകോപിതനായ അനീഷ് വീട്ടിലെ വിറക് ഷെഡില്‍ നിന്ന് വിറകെടുത്ത് ദാമോദരന്റെ തലക്കടിക്കുകയായിരുന്നു. രക്തം വാര്‍ന്നാണ് ദാമോദരന്‍ മരിച്ചത്.
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ പ്രോസിക്യൂഷന്‍ 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. ചിറ്റാരിക്കാല്‍ എസ്.ഐ ആയിരുന്ന കെ.പി വിനോദ് കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ ലോഹിതാക്ഷന്‍, ആതിരാബാലന്‍ എന്നിവര്‍ ഹാജരായി.