അടിപ്പാതയില്‍ കുഴിച്ച കുഴിക്ക് സമീപം സൂചനാ ബോര്‍ഡ് സ്ഥാപിച്ചില്ല; അടി തെറ്റി പൊലീസ് ജീപ്പ്
ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വേനല്‍ മഴയെ തുടര്‍ന്ന് കുഴിയില്‍ വെളളം നിറഞ്ഞിരുന്നു

കുമ്പള: അടിപ്പാതയില്‍ കുഴിച്ച കുഴിക്ക് സമീപം സൂചനാ ബോര്‍ഡ് സ്ഥാപിച്ചില്ല. ഇതേതുടര്‍ന്ന് മഴ വെള്ളം നിറഞ്ഞ കുഴിയിലേക്ക് പൊലീസ് ജീപ്പ് വീണു. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ ദേശീയപാത അടിപ്പാതയിലെ ഒരു ഭാഗത്ത് പ്രവൃത്തിയുടെ ഭാഗമായാണ് കുഴിയെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വേനല്‍ മഴയെ തുടര്‍ന്ന് കുഴിയില്‍ വെളളം നിറഞ്ഞിരുന്നു.
കാസര്‍കോട് ജില്ലയിലെ ഒരു സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് ജീപ്പാണ് കുഴിയില്‍ വീണത്. ജീപ്പിന്റെ മുന്‍വശത്തിന്റെ പകുതി കുഴിയില്‍ കുടുങ്ങി. പിന്നീട് ജീപ്പ് ജെ.സി.ബി ഉപയോഗിച്ച് കുഴിയില്‍ നിന്നെടുത്തതിന് ശേഷം നാട്ടുകാര്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു.
അതിരാവിലെ കുട്ടികളെ കോളജിലേക്ക് കൊണ്ടുവിടാന്‍ വേണ്ടി ഇരുചക്ര വാഹനങ്ങളില്‍ നിരവധി രക്ഷിതാക്കളാണ് റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. കുഴിക്ക് സമീപത്ത് രണ്ട് കോണ്‍ക്രീറ്റ് കമ്പികള്‍ സിമന്റുപയോഗിച്ച് കുത്തി വെച്ചത് അപകടത്തിന് സാധ്യത വര്‍ധിപ്പിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
കാല്‍നടയാത്രക്കാര്‍ കാല്‍ തട്ടിയും ഇരു ചക്രവാഹനങ്ങള്‍ കമ്പില്‍ തട്ടിയും കമ്പിക്ക് മുകളിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചുണ്ടിക്കാട്ടുന്നു. നാട്ടുകാര്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചില്ലായിരുന്നുവെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ മഴ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് അപകടം സംഭവിക്കുമായിരുന്നു.