EARTHQUAKE | മ്യാന്‍മറിലും തായ് ലന്‍ഡിലും ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 1600 കവിഞ്ഞു; 3,400 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു; 139 പേരെ കാണാതായി

ബാങ്കോക്ക്: മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1600 കവിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തില്‍ കുറഞ്ഞത് 1,644 പേര്‍ കൊല്ലപ്പെടുകയും 3,400 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും 139 പേരെ കാണാതായതായും മ്യാന്‍മര്‍ ഭരണകൂടം പ്രസ്താവനയിലൂടെ അറിയിച്ചു.

റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.

ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചതോടെ, ഒറ്റപ്പെട്ട സ്ഥലങ്ങളിലടക്കം രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍പ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്മറില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് രാജ്യത്തെ നടുക്കിയ ഭൂചലനം ഉണ്ടായത്. 7.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.

ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ചൈനയുടെ കിഴക്കന്‍ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മ്യാന്‍മറില്‍ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും ആരോപണമുയര്‍ന്നു. അയല്‍രാജ്യമായ തായ് ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് 100 ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്, ഭരണകക്ഷിയായ സൈന്യത്തിനെതിരായ ജനകീയ പോരാട്ടത്തെ ഏകോപിപ്പിക്കുന്ന രാജ്യത്തെ ഷാഡോ നാഷണല്‍ യൂണിറ്റ് ഗവണ്‍മെന്റ്, ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തെ ഏകപക്ഷീയമായ ഭാഗിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

ശനിയാഴ്ച രാത്രി പുറത്തിറക്കിയ ഒരു അറിയിപ്പില്‍, സായുധ വിഭാഗമായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സ് (PDF), തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ 'സുരക്ഷ, ഗതാഗതം, താല്‍ക്കാലിക രക്ഷാപ്രവര്‍ത്തന, മെഡിക്കല്‍ ക്യാമ്പുകള്‍ സ്ഥാപിക്കല്‍ എന്നിവ ഉറപ്പാക്കുന്നതിന് ഐക്യരാഷ്ട്രസഭയുമായും സര്‍ക്കാരിതര സംഘടനകളുമായും സഹകരിക്കും' എന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയും അമേരിക്കയുമടക്കം നിരവധി രാജ്യങ്ങള്‍ മ്യാന്‍മറിന് സഹായങ്ങള്‍ നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മ മ്യാന്‍മാറിന് സഹായമെത്തിച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍.ഡി.ആര്‍.എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്. മ്യാന്‍മറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പര്‍ക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Related Articles
Next Story
Share it