സംഘര്‍ഷം നടക്കുന്ന വിവരം അറിഞ്ഞെത്തിയ പൊലീസിന് കിട്ടിയത് മുക്കാല്‍ കിലോയോളം കഞ്ചാവ്; അതിഥി തൊഴിലാളി അറസ്റ്റില്‍

കാഞ്ഞങ്ങാട്: സംഘര്‍ഷം നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞെത്തിയ പൊലീസിന് കിട്ടിയത് മുക്കാല്‍ കിലോയോളം കഞ്ചാവ്. സംഭവത്തില്‍ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റുചെയ്തു. മടക്കരയില്‍ വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം നടന്നത്. മടക്കര പാലത്തിനടുത്ത് കൂട്ടയടി നടക്കുന്നതായുള്ള വിവരം ലഭിച്ച് സ്ഥലത്തെത്തിയ ചന്തേര എസ്.ഐ കെ.പി സതീഷും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.

അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടുകയാണെന്ന വിവരം ലഭിച്ചാണ് പൊലീസ് എത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരു യുവാവ് ഓടുന്നത് കണ്ടു. പിന്തുടര്‍ന്ന് പിടികൂടി പരിശോധന നടത്തിയതോടെയാണ് കൈവശം കവറില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. വില്‍ക്കാനായി കൊണ്ടുവന്നതാണ് ഇവയെന്ന് പൊലീസ് സംശയിക്കുന്നു.

ഒഡീഷ കേന്ദ്രപ്പാറയിലെ പത്മ ലോചന്‍ ഗിരി(42) യാണ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it