ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയായ കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

ആദൂര്‍: ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയായ കര്‍ണ്ണാടക സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക വീരാജ് പേട്ട ഹലുഗുണ്ട പള്ളൂര്‍ ആബിദ്(37) ആണ് അറസ്റ്റിലായത്. ആദൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ജനുവരി 13ന് പുലര്‍ച്ചെ 5.30ന് മുളിയാര്‍ മഞ്ചക്കല്ലില്‍ വെച്ച് കാറില്‍ കടത്തിയ എം.ഡി.എം.എയുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ആബിദിന് പങ്കുണ്ടെന്ന കണ്ടെത്തലിലാണ് അറസ്റ്റ്.
മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.കെ മുഹമ്മദ് സഹദ്(26), പൊവ്വലിലെ ഓട്ടോഡ്രൈവറും കാസര്‍കോട് കോട്ടക്കണിയിലെ പി.എം ഷാനവാസ്(42), ഭാര്യ ഷെരീഫ(40), ഷാനവാസിന്റെ സഹോദരി ചട്ടഞ്ചാലിലെ പി.എം ഷുഹൈബ(38) എന്നിവരെയാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. സഹദിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ രണ്ട് ദിവസം മുമ്പ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 90,000 രൂപ ഉപ്പള പച്ചമ്പളയിലെ അബ്ദുള്‍ ഖാദറിന് അയച്ചുകൊടുത്തതായി വിവരം ലഭിച്ചിരുന്നു.
സഹദിന്റെ ഫോണിലേക്ക് എം.ഡി.എം.എ വെച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തായ്ലന്റില്‍ നിന്നുമുള്ള മൊബൈലില്‍ നിന്നാണ് അയച്ചുകൊടുത്തതെന്നും വ്യക്തമായി. ഇതേ തുടര്‍ന്ന് അബ്ദുള്‍ ഖാദറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ലൊക്കേഷന്‍ അയച്ചത് ആബിദാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് ആബിദിനേയും അറസ്റ്റ് ചെയ്യുന്നത്.