ഭീമന്‍ ആമ മുട്ടയിടുന്നത് ചിത്രീകരിക്കാന്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് പുലി; പാണ്ടിക്കണ്ടം പ്രദേശം ഭീതിയില്‍

മുള്ളേരിയ: ഭീമന്‍ ആമ മുട്ടയിടുന്നത് ചിത്രീകരിക്കാന്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് പുലിയുടെ രൂപം. പാണ്ടിക്കണ്ടം പാലത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്. ഇതോടെ പ്രദേശം പുലി ഭീതിയിലായി.

മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തുകളിലാണ് പുലി ഭീതി പരന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് പുലര്‍ച്ചെ 3.05നാണ് പുലി ക്യാമറക്ക് സമീപമെത്തിയത്. മൂന്ന് മിനിറ്റോളം ഇതിന്റെ സമീപത്ത് നിന്നശേഷം മുന്നോട്ട് നടന്നുപോകുന്ന ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞത്.

ഇതിന്റെ 100 മീറ്റര്‍ അപ്പുറത്ത് കൃഷ്ണന്‍ നായര്‍ എന്നയാളുടെ നായ നേരത്തെ അക്രമിക്കപ്പെട്ടിരുന്നു. ഒരുമാസം മുമ്പ് നടന്ന ഈ സംഭവത്തില്‍ പുലിയാണ് ആക്രമത്തിന് പിന്നിലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ വനംവകുപ്പും നാട്ടുകാരും. സംഭവം നടന്ന ദിവസങ്ങള്‍ക്ക് ശേഷം ഒരു പൂച്ചയെയും പുലി പിടിച്ചിരുന്നു. പയസ്വിനിപ്പുഴയിലെ ഭീമന്‍ ആമകള്‍ മുട്ടയിടുന്ന സമയമാണിത്. ഇതിന്റെ ചിത്രീകരണത്തിനാണ് ക്യാമറ സ്ഥാപിച്ചത്.

ഇതിന് മുമ്പ് വനംവകുപ്പിന്റെ ക്യാമറയില്‍ നാല് പുലികളുടെ ചിത്രം പതിഞ്ഞിരുന്നുവെങ്കിലും പുറത്തുവിട്ടിരുന്നില്ല. വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞ വലിയ ആണ്‍ പുലിയാണിത്.

Related Articles
Next Story
Share it