LEOPARD | ഒടുവില്‍ ആശ്വാസം; കൊളത്തൂരില്‍ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ പുലി വീണ്ടും കുടുങ്ങി

ബേഡകം:ഒടുവില്‍ ആശ്വാസം, നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ പുലി വീണ്ടും കുടുങ്ങി. കൊളത്തൂര്‍ നിടുവോട്ടെ എം ജനാര്‍ദ്ദനന്റെ റബ്ബര്‍തോട്ടത്തില്‍ വനവകുപ്പ് അധികൃതര്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് പുലി കൂട്ടില്‍ കുടുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
കൊളത്തൂര്‍ നിടുവോട്ട് കൂട് വെച്ച സ്ഥലത്തിന് സമീപത്തെ ഗുഹയില്‍ നേരത്തെ പുലിയെ കണ്ടിരുന്നു. അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ച് പുലിയെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പുലി ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഫെബ്രുവരി 23ന് രാത്രി 10 മണിയോടെ കൊളത്തൂര്‍ നിടുവോട്ട് ആവുങ്കാലിലെ മധുസൂദനന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു.
പിറ്റേദിവസം പുലര്‍ച്ചെ 3.30 മണിയോടെ പുലിയെ ബെള്ളൂര്‍ പഞ്ചായത്തിലെ ജനവാസമേഖലയായ ജാംബ്രി ഗുഹക്ക് സമീപത്ത് വാണിനഗര്‍ സംയുക്ത വനമേഖലയിലേക്ക് ഈ പുലിയെ തുറന്നുവിടുകയായിരുന്നു. ജനവാസകേന്ദ്രത്തിനടുത്ത വനമേഖലയില്‍ പുലിയെ തുറന്നുവിട്ടതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരുന്നത്.