പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ വീണ്ടും പുലി സാന്നിധ്യം; പ്രദേശവാസികള്‍ ആശങ്കയില്‍; വനപാലകര്‍ ക്യമാറ സ്ഥാപിച്ചു

കാഞ്ഞങ്ങാട്: പുല്ലൂര്‍ -പെരിയ പഞ്ചായത്തില്‍ വീണ്ടും പുലിസാന്നിധ്യം കണ്ടെത്തിയതായി വനപാലകര്‍. തൊടുപ്പനം, കല്ലുമാളം പ്രദേശങ്ങളിലാണ് പുലിയെത്തിയത്. ഞായറാഴ്ച രാവിലെ പുല്ലൂര്‍ തൊടുപ്പനത്തെ ടി.വി കുഞ്ഞമ്പുവിന്റെ കൃഷിയിടത്തിലാണ് പുള്ളിപ്പുലിയെ കണ്ടത്. ജലസേചനം നടത്തുന്നതിനിടെ കൃഷിയിടത്തിലൂടെ നടന്നുപോകുന്ന പുലിയെ കണ്ട് കുഞ്ഞമ്പു മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഓടിമറയുകയായിരുന്നു.
വിവരമറിഞ്ഞ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ശേഷപ്പയുടെ നേതൃത്വത്തിലുള്ള വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിശോധനയില്‍ കുഞ്ഞമ്പുവിന്റെ കൃഷിസ്ഥലത്ത് മൂന്നിടങ്ങളിലായി പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി.
കല്ലുമാളം ഭാഗത്തേക്ക് പുലി ഓടിപ്പോയെന്നാണ് കുഞ്ഞമ്പു ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് വനപാലകര്‍ ഇവിടെയും പരിശോധന നടത്തി. പുലി ഒളിച്ചിരുന്നതായി സംശയിക്കുന്ന മാളം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മുള്ളന്‍ പന്നിയെ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. പുലിയിറങ്ങിയെന്ന സംശയം ബലപ്പെട്ടതോടെ ഈ മാളത്തിന് സമീപത്തെ മരത്തില്‍ വനപാലകര്‍ ക്യാമറ സ്ഥാപിച്ചു.
ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞാല്‍ കൂടുവെക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രദേശത്തെ ഏതാനും വളര്‍ത്തുപൂച്ചകളെ പുലി കടിച്ചുകൊന്നു. നേരത്തെ ചാലിങ്കാല്‍, കമ്മാടത്തുപാറ, നാര്‍ക്കുളം, മീങ്ങോത്ത്, അമ്പലത്തറ, പാറപ്പള്ളി, തട്ടുമ്മല്‍, പെരിയ ബസാര്‍, ആയമ്പാറ, പെരിയ കേന്ദ്രസര്‍വകലാശാല പരിസരം എന്നിവിടങ്ങളില്‍ പുലിയെ കണ്ടിരുന്നു.
പ്രദേശങ്ങളിലെ നിരവധി വളര്‍ത്തുനായ്ക്കളെയും തെരുവ് നായ്ക്കളെയും പുലി കടിച്ചുകൊന്നിരുന്നു. വീണ്ടും പുലിയെത്തിയതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. കമ്മാടത്തുപാറക്ക് സമീപം വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും പുലിയുടെ ദൃശ്യം ഇതില്‍ പതിഞ്ഞിട്ടില്ല.